നിയമപോരാട്ടത്തിലൂടെ ആനുകൂല്യങ്ങൾ നേടി ജയശ്രീ
1537764
Sunday, March 30, 2025 2:26 AM IST
അന്പലപ്പുഴ: നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആനുകൂല്യങ്ങൾ പിടിച്ചുവാങ്ങി വിരമിച്ച ജീവനക്കാരി. കരുമാടി ഉപാസനയിൽ ജയശ്രീയാണ് നിയമപോരാട്ടം നടത്തി ആനുകൂല്യം നേടിയെടുത്തത്.
തകഴി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പ്രൊക്യുവർ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന ജയശ്രീ 2022 ഏപ്രിൽ 30ന് വിരമിച്ചു. വിരമിച്ച ശേഷം സംഘം പ്രസിഡന്റിന്റെ നിർദേശപ്രകാരം 15 ദിവസം ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്തു. സെക്യൂരിറ്റിത്തുകയായ 4,331 രൂപയും ദിവസവേതന ത്തുകയായ 3,000 രൂപയും ലഭിക്കുന്നതിനായി 2022 ജൂൺ 14ന് സംഘം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. പിന്നാലെ പലതവണ നേരിട്ടുകണ്ടും തുക ആവശ്യപ്പെട്ടു. ഓഡിറ്റ് ന്യൂനതയുള്ളതിനാൽ തുക നൽകാൻ കഴിയില്ലെന്ന മറുപടിയാണ് സെക്രട്ടറി നൽകിയത്.
തുക നൽകണമെന്ന് ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, ഡെപ്യുട്ടി ഡയറക്ടർ, ഡയറക്ടർ എന്നിവർ സംഘം സെക്രട്ടറിക്കു നിർദേശം നൽകിയിട്ടും തുക ലഭിച്ചില്ല. ഇതേത്തുടർന്ന് സംഘം ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരവും നടത്തി.
ഇതിനിടെ തനിക്ക് ലഭിക്കാനുള്ള തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജയശ്രീ ലേബർ ഓഫീസർക്കു പരാതി നൽകി. ഒടുവിൽ തുക ലഭ്യമാക്കിക്കൊണ്ടുള്ള ചെക്ക് കഴിഞ്ഞ ദിവസം സംഘത്തിൽനിന്ന് ജയശ്രീക്ക് ലഭിച്ചു. ജയശ്രീയുടെ സമരത്തിന്റെ വാർത്ത ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.