ക്ലീൻ പമ്പാ മിഷൻ പ്രഖ്യാപിക്കണം: കൊടിക്കുന്നിൽ
1537458
Friday, March 28, 2025 11:26 PM IST
മാവേലിക്കര: കേരളത്തിലെ ഏറ്റവും പവിത്രവും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ ജലാശയങ്ങളിലൊന്നായ പമ്പാനദിയുടെ സമഗ്രമായ പുനരുദ്ധാരണ പദ്ധതി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പ്ലാസ്റ്റിക് മലിനീകരണം, കൈയേറ്റങ്ങൾ, വനനശീകരണം, പാരിസ്ഥിതിക നാശം എന്നിവ വെള്ളപ്പൊക്കം, സമുദ്ര ജൈവവൈവിധ്യ നഷ്ടം, കുടിവെള്ള സ്രോതസുകളുടെ മലിനീകരണം എന്നിവയുൾപ്പെടെയുള്ള കടുത്ത പാരിസ്ഥിതിക വെല്ലുവിളികൾ മൂലമുള്ള പന്പയുടെ നാശത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ തകർച്ച തടയുന്നതിനും നദിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഘടനാപരമായ ഇടപെടലിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ലോക്സഭയിൽ ഉന്നയിച്ചു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി നദിയിൽനിന്നും അതിന്റെ കൈവഴികളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മുൻഗണന നൽകുന്ന ക്ലീൻ പമ്പ മിഷൻ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൈയേറ്റങ്ങൾ തടയുന്നതിനും സ്വാഭാവിക നീരൊഴുക്ക് സംരക്ഷിക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്നും കാലാനുസൃതമായ വെള്ളപ്പൊക്കത്തെ നേരിടാൻ ശാസ്ത്രീയമായ വെള്ളപ്പൊക്ക ലഘൂകരണ തന്ത്രങ്ങൾക്കൊപ്പം മണ്ണൊലിപ്പും ഭൂമി നാശവും തടയുന്നതിനുള്ള പാർശ്വ സംരക്ഷണ നടപടികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പമ്പയുടെ സാമൂഹിക-മത, പാരിസ്ഥിതിക, സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്ത് നമാമി ഗംഗാ സംരംഭത്തിന് സമാനമായി പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പ്രത്യേക കേന്ദ്ര പദ്ധതി രൂപീകരിക്കാൻ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ അദ്ദേഹം അഭ്യർഥിച്ചു. പന്പാ സംരക്ഷണം സാംസ്കാരിക ഉത്തരവാദിത്വംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.