അധ്യാപക കൺവൻഷൻ നടത്തി
1537766
Sunday, March 30, 2025 2:26 AM IST
ചേര്ത്തല: മുഴുവൻ അധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെപിഎസ്ടിഎ ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൺ അപ്രൂവ്ഡ് ടീച്ചേഴ്സ് കൺവൻഷനുകൾ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ നടന്നു. കെപിഎസ്ടിഎ സംസ്ഥാന തലത്തിൽ കൺവെൻഷനുകൾ നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ നാല് വിദ്യാഭ്യാസ ജില്ലകളിലും കൺവൻഷനുകൾ നടന്നു.
ഭിന്നശേഷി വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി സുപ്രീംകോടതി നൽകിയ വിധി എല്ലാ അധ്യാപകർക്കും ബാധകമാണെന്നിരിക്കെ അത് ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തി പതിനാറായിരത്തോളം അധ്യാപക തസ്തികകൾ ഒഴിച്ചിടാൻ ഗവൺമെന്റിനെ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികളിലൂടെയും നിയമനടപടികളിലൂടെയും ചെറുത്ത് തോൽപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഏപ്രിൽ മാസത്തിൽ രാപകൽ സമരം അടക്കമുള്ള തുടർ സമരപരിപാടികൾ ഏറ്റെടുക്കാൻ കൺവൻഷന് തീരുമാനിച്ചു. ജില്ലാതലത്തിൽ നിയമനാംഗീകാരം കിട്ടാത്ത മുന്നൂറോളം അധ്യാപകർ കൺവൻഷനിലും ഒപ്പ് ശേഖരണത്തിലും പങ്കാളികളായി.
മാവേലിക്കരയിൽ കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു. ചേർത്തലയിൽ കെപിസിസി സെക്രട്ടറി അഡ്വ.എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ജോൺ ബോസ്കോ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട്ടിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴയിൽ കെപിസിസി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ആർ.തനുജ മുഖ്യപ്രഭാഷണം നടത്തി.