വളമംഗലം-കുത്തിയതോട് റോഡ് ബിഎംബിസി നിലവാരത്തിലേക്ക്
1537455
Friday, March 28, 2025 11:26 PM IST
ആലപ്പുഴ: ബജറ്റ് ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ വിനിയോഗിച്ച് ബിഎംബിസി (ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ്) നിലവാരത്തില്‍ നിര്‍മിക്കുന്ന വളമംഗലം കുത്തിയതോട് റോഡിന്റെ ആദ്യ ഘട്ട ടാറിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
കുത്തിയതോട് എസ്എന്‍ഡിപി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് വളമംഗലം വടക്ക് വഴി തുറവൂര്‍ തൈക്കാട്ടുശേരി റോഡിലെ എംആര്‍ ജംഗ്ഷനില്‍ എത്തുന്ന പൊതുമരാമത്ത് വകുപ്പ് റോഡാണിത്. 26ന് ആരംഭിച്ച ബിഎം ടാറിംഗ് ഇന്ന് പൂര്‍ത്തീകരിക്കും. ശേഷം ബിസി ടാറിംഗും നടക്കും.
നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഉണ്ട്. ദേശീയ പാതയുടെ സമാന്തരമായി ചേര്‍ത്തല മുതല്‍ കുത്തിയതോട് വരെയുള്ള പൊതുമരാമത്ത് റോഡിന്റെ അവസാന ഭാഗമാണിത്. തൈക്കാട്ടുശേരി ഭാഗത്തേക്കു യാത്രചെയ്യുന്നവര്‍ക്ക് തുറവൂര്‍ ജംഗ്ഷന് ഒഴിവാക്കി എത്താന്‍ കഴിയും.
അരൂര്‍ മണ്ഡലത്തിലെ പ്രാദേശിക റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയിലുള്ള പിന്തുണയാണ് നല്‍കുന്നത്. ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കൂടുതല്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് വളമംഗലം കുത്തിയതോട് റോഡിന്റെ നിര്‍മാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം ദെലീമ എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്, ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എന്‍ജിനിയര്‍ അപര്‍ണ ബെന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.