നെല്‍കര്‍ഷകര്‍ വോട്ടുബാങ്കാകണം: മോണ്‍. ആന്റണി ഏത്തയ്ക്കാട്
1537463
Friday, March 28, 2025 11:27 PM IST
മങ്കൊമ്പ്: വിശാല കുട്ടനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ചുവരുന്ന അതിതീവ്രമായ ചൂഷണത്തിനും തിരസ്കരണത്തിനും അന്ത്യം കുറിക്കണമെങ്കില്‍, കര്‍ഷകര്‍ ജാതി-മത-ഭേദമെന്യേ ഒറ്റക്കെട്ടായിനിന്ന് വോട്ടുബാങ്കായി മാറണമെന്ന് അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി ഏത്തയ്ക്കാട്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ലക്ഷക്കണക്കിന് നെല്‍കര്‍ഷകരാണ് ഈ മേഖല ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇനിയെങ്കിലും സംസ്ഥാന സർക്കാർ നെല്‍കര്‍ഷകന്റെ നഷ്ടപ്പെട്ടുപോയ ആത്മവീര്യം വീണ്ടെടുക്കാൻ ക്രിയാത്മക നടപടികള്‍ സ്വീകരിക്കണം. അല്ലായെങ്കില്‍, വേദന അനുഭവിക്കുന്ന നെല്‍കര്‍ഷകന്റെ കണ്ണീരൊപ്പാന്‍, അവന് താങ്ങും തണലുമായി എന്നും ചങ്ങനാശേരി അതിരൂപത ഒപ്പമുണ്ടാകുമെന്നും, സമാന ചിന്താഗതിക്കാരെ ഒപ്പംനിര്‍ത്തി അതിശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മോണ്‍. ആന്റണി ഏത്തയ്ക്കാട് പറഞ്ഞു.
ക്രിസ്-ഇന്‍ഫാം നേതൃത്വത്തില്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്-ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ചു. പുളിങ്കുന്ന് ഫൊറോന വികാരി ഫാ. ടോം പുത്തന്‍കളം, ക്രിസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, ഇന്‍ഫാം ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ഡോ. സേവിച്ചന് മുഹമ്മ, എകെസിസി അതിരൂപത സെക്രട്ടറി ചാക്കപ്പന് ആന്റണി, എന്കെഎസ്എസ് ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, എകെസിസി വൈസ് പ്രസിഡന്റ് സി.റ്റി. തോമസ്, ടോം അറയ്ക്കപറമ്പില്‍, ക്രിസ് ജനറല്‍ ബോഡി മെംബര്‍ ജോര്‍ജ് മാത്യു വാച്ചാപറമ്പില്‍, എകെസിസി യൂത്ത് കോ-ഓർഡിനേറ്റര്‍ ജോസി ഡോമിനിക്, ജിജി കന്ഡ്രമ്പാക്കല്, ഷാജി മുടന്താഞ്ഞലി, തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, ബാബു വടക്കേക്കളം, ബിസി കുര്യാക്കോസ് കൈനകരി, ടോം കൈനകരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരത്തിനു മുന്‍പ് പാഡി മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നും അടിയന്തരമായി കിഴിവ്രഹിതമായി നെല്ല് സംഭരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും വികാരി ജനറാളിന്റെയും ക്രിസ് ഡയറക്ടറുടെയും നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.