ആർ. ഹേലി കാർഷികവൃത്തിക്ക് ഊർജമായ കൃഷിശാസ്ത്രജ്ഞൻ: മന്ത്രി പി. പ്രസാദ്
1537773
Sunday, March 30, 2025 2:26 AM IST
ആലപ്പുഴ: ആർ. ഹേലി എന്ന കൃഷിശാസ്ത്രജ്ഞൻ കുട്ടനാടൻ കാർഷികവൃത്തിക്കു മാത്രമല്ല നമ്മുടെ കർഷകരുടെ സമഗ്രമായ വളർച്ചയ്ക്കു സഹായകമായ സംഭാവനകൾ നൽകിയ വ്യക്തിയെന്നു കൃഷിമന്ത്രി പി. പ്രസാദ്. ആര്. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം ജോസഫ് കോര മാമ്പുഴക്കരിക്കു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി പി. പ്രസാദ്.
കർഷകർക്ക് അവാർഡുകൾ മാത്രമല്ല അവർക്കു കൂടുതൽ മെച്ചപ്പെട്ട കാർഷികവൃത്തികൾ ചെയ്യുവാനുള്ള സമഗ്രമായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും പുരസ്കാരദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി. ആർ. രഘുനാഥ് വള്ളികുന്നം, വർഗീസ് ആന്റണി എടത്വ , ശ്രാവന്ദിക എസ്.പി. മേക്കാട്ടിൽ മുളക്കുഴ എന്നിവർക്ക് ആർ. ഹേലി സ്മാരക സമ്മാനങ്ങളും വിതരണം ചെയ്തു. പുരസ്കാര ജേതാവ് ജോസഫ് കോര മാമ്പുഴക്കരിയിൽ മറുപടി പ്രസംഗം നടത്തി.
ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയാണ് ജില്ലയിലെ ഏറ്റവും മികച്ച സമ്മിശ്ര കര്ഷകന് നല്‍കിവരുന്ന ആര്. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയത്. ആര്. ഹേലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ മക്കളായ പ്രശാന്ത് ഹേലിയും ഡോ. പൂര്‍ണ്ണിമ ഹേലിയും ചേർന്നാണ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത്.