ജില്ലാ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കം
1537462
Friday, March 28, 2025 11:27 PM IST
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) സംഘടിപ്പിക്കുന്ന ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള ആലപ്പുഴ ജില്ലാ ബാസ്കറ്റ് ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ലഹരിക്കെതിരേ കായിക ലഹരി എന്ന പദ്ധതിയും ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. ലജ്നത്തുൽ മുഹമ്മദിയ്യ എച്ച്എസ്എസ് മാനേജർ എ.എം. നസീർ മുഖ്യാതിഥിയും മെഡിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബു പുന്നൂരാൻ വിശിഷ്ടാതിഥിയുമായിരുന്നു.
വിവിധ ബാസ്കറ്റ്ബോൾ ഇനങ്ങളിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡും നേടിയ എട്ടു വയസുകാരി സാൻവികയെ അനുമോദിച്ചു.
31വരെ പട്ടണ ചത്വരത്തിലെ എഡിബിഎ കോർട്ട്, വൈഎംസിഎ ഇൻഡോർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിൽ രാവിലെ 6 മുതൽ വൈകുന്നേരം ആറുവരെ മത്സരങ്ങൾ നടത്തും. ആൺ-പെൺ കിഡ്സ്, ജൂനിയർ, സബ് ജൂനിയർ, യൂത്ത്, മെൻ, വിമൻ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. 26 ക്ലബ്ബുകൾ പങ്കെടുക്കും. സ്പോർട്സ് കൗൺസിൽ ഒബ്സെർവറായി ടി. ജയമോഹൻ പ്രവർത്തിക്കും. മെഡിവിഷൻ ആണ് ചാമ്പ്യൻഷിപ് സ്പോൺസർ ചെയ്യുന്നത്.