കിഴിവിന്റെ കൈകാര്യച്ചെലവും കര്‍ഷകന്റെ തലയില്‍
1537774
Sunday, March 30, 2025 2:26 AM IST
എടത്വ: കിഴിവു കൊടുക്കുന്ന നെല്ലിന്റെ കൈകാര്യച്ചെലവും കര്‍ഷകന്റെ തലയിലായത് കര്‍ഷകനു ഇരട്ട പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്.
മില്ലുകാരും ഉദ്യോഗസ്ഥരും സര്‍ക്കാരും ഒത്തുകളിച്ചു കര്‍ഷകരോട് 5 കിലോ മുതല്‍ 10 കിലോ വരെ കിഴിവ് മേടിക്കുകയും കിഴിവുകൊടുക്കുന്ന നെല്ലിന്റെ ചുമട്ടുകൂലി, വാരുകൂലി, കയറ്റുകൂലി എന്നിവ കര്‍ഷകന്‍തന്നെ നല്‍കുക എന്നത് കര്‍ഷകര്‍ക്കു ഇരട്ട പ്രഹരം നല്കുന്ന പ്രവണതയാണെന്നു കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ തോമസുകുട്ടി മാത്യു ചീരംവേലില്‍ പറഞ്ഞു. കേരള കര്‍ഷക യൂണിയന് മുട്ടാറ്റില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കു ഒരു ആനുകൂല്യവും നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണു സംജാതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക യൂണിയന് നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റീഫന്സി ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍, ഗ്രാമ പഞ്ചായത്തംഗം ബിന്‍സി ഷാബു, മാത്യു എം. വര്‍ഗീസ്, ജോര്‍ജ് തോമസ് മണലില്‍ മുണ്ടയ്ക്കല്‍, ജോര്‍ജ് മാത്യം ശ്രാമ്പിക്കല്‍, ചാച്ചപ്പന് മാവേലിതുരുത്തേല്, സേവ്യര്‍കുട്ടി മോളിപ്പടവില്, ജോസഫ് തോമസ് ശ്രാമ്പിക്കല്‍, ബാബു പാക്കള്ളി എന്നിവര്‍ പ്രസംഗിച്ചു.