വിശ്വാസം നന്മകളെ പടുത്തുയര്‍ത്തുന്നു: ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
1537465
Friday, March 28, 2025 11:27 PM IST
ആലപ്പുഴ: മനുഷ്യന്റെ ഉള്ളിലുള്ള നന്മകളെ പടുത്തുയര്‍ത്തുന്നതാണ് വിശ്വാസമെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍. നിരാശ വിശ്വാസിക്ക് ചേര്‍ന്ന മനോഭാവമല്ല. ക്രിസ്തുവിന്റെ സ്നേഹം എല്ലാ മനുഷ്യരെയും ആകര്‍ഷിക്കുന്നു. ദൈവം ലോകത്തെ സ്നേഹിച്ചതിന്റെ അടയാളമാണ് കുരിശ്. വിശ്വാസികള്‍ ക്രിസ്തുവിന്റെ സ്നേഹത്തിനു കീഴില്‍ ഒന്നിച്ചു കൂടുന്നത് മനോഹരമാണ്. ക്രിസ്തുവിനൊപ്പം ഏതു പ്രതിസന്ധിയിലും നിലനില്‍ക്കുന്നതാണ് ആത്മീയതയെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ പറഞ്ഞു. ആലപ്പുഴ പഴവങ്ങാടി മാര്‍സ്ലീവാ ഫൊറോന തീര്‍ഥാടന പള്ളി അങ്കണത്തില്‍ നടക്കുന്ന അഭിഷേകാഗ്നി ആലപ്പി കാത്തലിക് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് ഡോ. ആനാപറമ്പില്‍.
പ്രശസ്ത വചന പ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന് വട്ടായിലും സംഘവുമാണ് കണ്വന്ഷന് നയിക്കുന്നത്. ആലപ്പുഴ നഗരത്തിലെ ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കരസഭാ പള്ളികളുടെ നേതൃത്വത്തിലാണ് കണ്വന്ഷന്.
കൺവന്‍ഷന്റെ രണ്ടാം ദിവസമായ ഇന്ന് കൗണ്‍സലിംഗും കുമ്പസാരവുമടക്കമുള്ള ശുശ്രുഷകൾ നടക്കും.
നാളെയാണ് കൺവൻഷൻ സമാപനം. വൈകുന്നേരം 4.30 ന് ജപമാലയോടെ കണ്വന്ഷന് ആരംഭിക്കും രാത്രി 9ന് സമാപിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഫാ. ഫ്രാന്‍സീസ് കൊടിയനാട്, ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.