പ്രതിസന്ധിയിലും വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കണം: ഡോ. തോമസ് മാർ കൂറിലോസ്
1537771
Sunday, March 30, 2025 2:26 AM IST
ആലപ്പുഴ: ഏതു പ്രതിസന്ധിയിലും വിശ്വാസത്തിൽ സ്ഥിരതയോടെ നിൽക്കാൻ സാധിക്കണമെന്ന് തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. നമ്മുടെ ദൈവം എപ്പോഴും ഒപ്പമുള്ള കൂട്ടുകാരനെപ്പോലെയാണ്.
പ്രയാസങ്ങളിൽ നമ്മെ ബലപ്പെടുത്തുന്ന ദൈവമാണ് കൂട്ടിനുള്ളത്. വിശ്വാസം ഏറ്റുപറയാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്ന് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് ഓർമിപ്പിച്ചു. ആലപ്പുഴ മാർസ്ലീവാ ഫൊറോന തീർഥാടന പള്ളിയിൽ നടക്കുന്ന അഭിഷേകാഗ്നി കാത്തലിക് കൺവൻഷൻ രണ്ടാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കൺവൻഷൻ ഇന്ന് വൈകിട്ട് സമാപിക്കും. വൈകുന്നേരം നാലിന് ജപമാല, 4.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. കൺവൻഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് വിവിധ പ്രദേശങ്ങളിലേക്ക് യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.