ഇൻസ്റ്റയിലൂടെ പെൺകുട്ടിക്ക് മെസേജ് അയച്ചയാളെ മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ
1537765
Sunday, March 30, 2025 2:26 AM IST
പൂച്ചാക്കൽ: വിവിധ കേസുകളിൽ പ്രതിയായ ആളുടെ സുഹൃത്തായ പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിലൂടെ ഹായ് സന്ദേശം അയച്ച യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ ആറംഗ സംഘത്തിലെ നാല് പേർ പൂച്ചാക്കൽ പോലിസ് പിടിയിൽ.
ഒന്നാം പ്രതി അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ വിജയ മന്ദിരത്തിൽ പ്രഭജിത്ത് (ചന്തു - 26), അരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ചാലാറ വീട്ടിൽ യദുകൃഷ്ണൻ (30), അരൂക്കുറ്റി അഞ്ചാം വാർഡിൽ അമ്പല മഠത്തിൽ അജയ് ബാബു (28), ഇടക്കൊച്ചി കണ്ടാര പള്ളിൽ മേരി സെലിൻ ഫെർണാണ്ടസ് (26) എന്നിവരെയാണ് പൂച്ചാക്കൽ സിഐ പി.എസ്.സുബ്രഹ്മണ്യന്റെ നേതൃത്തിലുള്ള പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരൂക്കുറ്റി തെക്കെ കണിച്ചുകാട്ടിൽ ജിബിൻ ജോർജി(29)നെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയി ആൾത്താമസമില്ലാത്ത അരൂക്കൂറ്റി മാത്താനം ഭാഗത്തെ വീട്ടിൽ കൊണ്ടുപോയി അതിക്രൂരമായി മർദിച്ചു. ജിബിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജിബിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ജിബിൻ പരിക്കുകളോടെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ചന്തുവിന്റെ പേരിൽ അരൂർ, പട്ടണക്കാട്, പൂച്ചാക്കൽ തുടങ്ങി പല സ്റ്റേഷനുകളിലായി കഞ്ചാവ് കേസ്, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എസ്ഐമാരായ പ്രേമസൺ, സണ്ണി, ജോസ് ഫ്രാൻസിസ്, ദിലിപ് ,എഎസ്ഐമാരായ ബിജിമോൾ, ലിജിമോൾ, സിപിഒമാരായ ജോബി കുര്യക്കോസ്, കിൻ റിച്ചാർഡ് ,സിബി മോൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.