നെൽകർഷകരോടുള്ള അവഗണനയ്ക്ക് സർക്കാർ വില നൽകേണ്ടിവരും : കെ.സി. വേണുഗോപാൽ
1537888
Sunday, March 30, 2025 5:48 AM IST
മങ്കൊമ്പ്: നെൽകർഷകരെ ചൂഷണം ചെയ്തു മില്ലുകാർ നടത്തുന്ന കിഴിവു കൊള്ളയ്ക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇതിനു സർക്കാർ കനത്ത വില നൽകേണ്ടിവരും. കുട്ടനാട് നോർത്ത് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴിവു കൊള്ളയ്ക്കെതിരേ നടന്ന രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മില്ലുടമകളിൽ നിന്ന് സിപിഎം വാങ്ങിയ കോഴയ്ക്കുള്ള പ്രത്യുപകാരമാണിത്. കർഷകർക്ക് കിളിർക്കാത്ത നെൽവിത്ത് നൽകിയത്, യഥാസമയം വളം നൽകാത്തത്, കേന്ദ്രം വർധിപ്പിച്ച നെല്ലുവിലപോലും സംസ്ഥാന വിഹിതത്തിൽ വെട്ടിക്കുറച്ചത്, കൊയത്ത് യന്ത്രത്തിന്റെ വാടക വർധിപ്പിച്ചത്, യഥാസമയം യന്ത്രങ്ങൾ എത്തിക്കാത്തത് ഉൾപ്പെടെയുള്ള കർഷക ദ്രോഹ നടപടികൾക്കൊടുവിലാണ് ഇപ്പോൾ നെല്ലു സംഭരണത്തിൽ വൻ കിഴിവുകൊള്ള നടക്കുന്നത്.
നെല്ലുവില നൽകാൻ വൈകിയാൽ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്-ഇൻഫാം ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, മാന്നാർ അബ്ദുൾ ലത്തീഫ്, സി.വി. രാജീവ്, ഡിസിസി ഭാരവാഹികളായ സജി ജോസഫ്, കെ.ഗോപകുമാർ, ജെ.ടി. റാംസേ, പ്രതാപൻ പറവേലി, പ്രമോദ് ചന്ദ്രൻ, യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു, ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, സിബി മൂലംകുന്നം, ജി. സൂരജ്, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.