ആനക്കൊട്ടിൽ സമർപ്പണം ഇന്ന്
1537767
Sunday, March 30, 2025 2:26 AM IST
മാന്നാർ: പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം ഇന്നു നടക്കും. രാവിലെ 10.15 നും 11.05 നും മധ്യേ ചടയമംഗലം ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതികൾ സമർപ്പണച്ചടങ്ങ് നിർവഹിക്കും. ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ പെരുമ്പാറ മഠം എൻ വാസുദേവരര് ആനക്കൊട്ടിൽ ശിൽപ്പിയെ ആദരിക്കും.
ഭാഗവതാചാര്യൻ പള്ളിപ്പാട് ശിവദാസൻ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. കെ. രാജേഷ്, മൂലം ഭാഗവത ആചാര്യൻ ചെറുവള്ളി മനോജ് ശാസ്ത്രി, പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് ആർ.ഉദയവർമ്മ തുടങ്ങിയവർ പ്രസംഗിക്കും.
പതിനാറ് അടി ഉയരമുള്ള കൂറ്റൻ കരിങ്കൽ തൂണുകളിൽ തടി കൊണ്ടുള്ള മേൽക്കൂരയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ആയിരത്തിയഞ്ഞൂറു ഘനയടി തടി ഇതിന് ഉപയോഗിക്കേണ്ടിവന്നു. കരിങ്കൽ പാളികളാണ് തറയിൽ പാകിയിരിക്കുന്നത്. ആയിരത്തിനാനൂറ് ചതുരശ്രയടി വീസ്തീർണ്ണത്തിൽ, കേരളീയ പാരമ്പര്യ തച്ചു ശാസ്ത്രമനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.