പരുമല ആശുപത്രിയിൽ ലീഡ്ലെസ് പേസ്മേക്കർ ഘടിപ്പിക്കൽ വിജയകരം
1537464
Friday, March 28, 2025 11:27 PM IST
മാന്നാർ: ഹൃദ്രോഗ ചികിത്സയിൽ നൂതന സാങ്കേതിക വിദ്യയായ ലീഡുകളില്ലാത്ത രണ്ടാം തലമുറ പേസ്മേക്കർ ഘടിപ്പിക്കൽ പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ കമ്പനിയായ അബോട്ട് വികസിപ്പിച്ച എവിയർ ലീഡ്ലെസ് പേസ്മേക്കർ എന്ന ഉപകരണമാണ് പരുമല ആശുപത്രിയിൽ വിജയകരമായി ഘടിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിൽ പരമ്പരാഗത പേസ്മേക്കർ ചികിത്സയിൽ വലിയ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, ലീഡുകളും പൾസ് ജനറേറ്ററുകളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ചില രോഗികളിൽ സങ്കീർണതകൾ സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ലീഡുകളില്ലാത്ത ചെറിയ പേസ്മേക്കറുകൾ ഹൃദ്രോഗ ചികിത്സയിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
രണ്ടാം തലമുറ പേസ്മേക്കറിന്റെ ബാറ്ററിക്ക് 17 മുതൽ 21 വർഷം വരെ ആയുസ് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ആവശ്യമെങ്കിൽ പ്രത്യേക കത്തീറ്റർ ഉപയോഗിച്ച് ഉപകരണം വീണ്ടെടുക്കാനും ആവശ്യമെങ്കിൽ ഡ്യുവൽ ചേമ്പർ സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.
പുതിയ പേസ് മേക്കർ തുടയിലെ ഞരമ്പിലൂടെ ഹൃദയത്തിലേക്ക് നേരിട്ട് സ്ഥാപിക്കാൻ സാധിക്കുന്നതുമൂലം ശസ്ത്രക്രിയാ പാടുകളും അണുബാധയ്ക്കുള്ള സാധ്യതകളും കുറയും. ഒന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം മാത്രമേ ആവശ്യമുള്ളൂ. ലോക്കൽ അനസ്തേഷ്യയിൽ 20-30 മിനിറ്റിനുള്ളിൽ ഈ നടപടിക്രമം പൂർത്തിയാക്കാൻ സാധിക്കും.
ഡോ. മഹേഷ് നളിൻ കുമാർ, ഡോ. ജോർജ് കോശി, ഡോ. തോമസ്മാത്യു, ഡോ.കെ.എസ്. സനൂപ്, ഡോ. ആര്യ സുഭദ്ര, ഡോ. ജോയൽ ജെ. കണ്ടത്തിൽ ഡോ. അമ്പാടി ശ്രീധർ, ഡോ. എസ്. ജയകൃഷ്ണൻ, ഡോ. ഷാനിൽ ജോസ്, ഡോ. സുജാത മാടശേരി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചതെന്ന് ആശുപത്രി സിഇഒ ഫാ.എം.സി. പൗലോസ് അറിയിച്ചു.