സംസ്കരണ പ്ലാന്റുകളെ എതിർക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി എം.ബി. രാജേഷ്
1537454
Friday, March 28, 2025 11:26 PM IST
ചേർത്തല: മാലിന്യ സംസ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്കു മുന്നില്‍ പിന്മാറാത്തതാണ് മാലിന്യപ്ലാന്റുകള്‍ യാഥാര്‍ഥ്യമാകാന്‍ കാരണമെന്നും മന്ത്രി എം.ബി. രാജേഷ്. ജില്ലയിലെ ആദ്യത്തെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാന്റുകള്ക്കെതിരേയല്ല ഇത്തരം പ്ലാന്റുകള്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാരിനെതിരേ സമരം ചെയ്യേണ്ടതെന്നു മന്ത്രി പറഞ്ഞു. മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമായതോടെ വേമ്പനാട്ടുകായലിന്റെയും തണ്ണീര്‍ത്തടങ്ങളുടെയും ശുചീകരണത്തിനും തുടക്കമായിരിക്കുകയാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
കായലുകളിലേക്കു തള്ളിയിരുന്ന മാലിന്യമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ 2.5 ലക്ഷം ലിറ്റര്‍ മാലിന്യമാണ് പ്രതിദിനം സംസ്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയില്‍നിന്നുളള മാലിന്യമാണ് സംസ്കരിക്കുന്നത്.
ചടങ്ങില്‍ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍മാണത്തിനു ചുക്കാന്പിടിച്ചവരെ ആദരിച്ചു. ഇംപാക്ട് കേരള ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.