ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണവുമായി യുവദീപ്തി
1537109
Thursday, March 27, 2025 11:48 PM IST
എടത്വ: യുവദീപ്തി എടത്വ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണവും "ബോധന 2025' നടത്തി. ഇനിമേല്‍ ലഹരി ഉപയോഗിക്കുകയില്ല എന്ന പ്രതിജ്ഞ ചെയ്തു യുവജനങ്ങളും ഇടവകാംഗങ്ങളും കൈപ്പത്തി പതിപ്പിച്ച് ലഹരിവിരുദ്ധ വര്‍ഷാചരണത്തില്‍ പങ്കുചേര്‍ന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാ. അനീഷ് കാമിച്ചേരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിക്കെതിരേയുള്ള ലഘുലേഖകളും വിതരണം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മുഴുവന്‍ യുവജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഹ്വാനപ്രകാരം യുവദീപ്തി എസ്എംവൈഎം എടത്വ സെന്‍ട്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ടാബ്ലോയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
ചങ്ങനാശേരി അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജെ.ടി. റാംസെ പതാക ഉയര്‍ത്തി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ സന്ദേശം നല്കി.
യുവദീപ്തി പ്രസിഡന്റുമാരായ സിബിന് ജോസഫ് പട്ടത്താനം, മരിയ വര്‍ഗീസ് തെക്കേടം, ആനിമേറ്റര്‍മാരായ സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, മഞ്ജുഷ റ്റോബിന്‍ കളങ്ങര, അമല്‍ ജോസഫ് പനയ്ക്കപറമ്പില്‍, നീനു അലക്സ് തലയാറ്റംപള്ളി, എഡ്വിന് സെബാസ്റ്റ്യന്‍ മുണ്ടുവേലില്, ജോര്‍ജ് തെക്കേടം എന്നിവര്‍ നേതൃത്വം നല്കി.