തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
1537108
Thursday, March 27, 2025 11:48 PM IST
ആലപ്പുഴ: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങരയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ അനിമല്‍ ബര്‍ത്ത് കണ്ട്രോള് സെന്ററിന്റെ (എബിസി സെന്റര്‍) ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുമെന്നും അത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പാൽ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉത്പാദനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് മാത്രമല്ല പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. പശുക്കളെ വാങ്ങുന്നതിന് ക്ഷീരകര്‍ഷകര്‍ക്ക് എല്ലാ ജില്ലകളിലും പലിശരഹിത വായ്പ നല്‍കും. ക്ഷീരമേഖലയിലേക്ക് എല്ലാവരും കടന്നുവരണമെന്നും മന്ത്രി പറഞ്ഞു.
കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് എബിസി സെന്ററിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചതെന്ന് കെ.ജി. രാജേശ്വരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം.വി. പ്രിയ, അഡ്വ. ടി.എസ്. താഹ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്. റിയാസ്, എ. ശോഭ, വി. ഉത്തമന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.വി. അരുണോദയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനന്, കെ.ഡി. മഹീന്ദ്രന്, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് ലാല്‍, മാരാരിക്കുളം വടക്ക് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനഭായ്, വൈസ് പ്രസിഡന്റ് സി.സി. ഷിബു, സ്ഥിരംസമിതി അധ്യക്ഷരായ എന്‍. പ്രീത, സുഖലാല്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. സുജ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ വി. ഷെരീഫ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എസ്. രമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
840 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സെന്ററിന്റെ പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ക്ക് നിര്‍മിച്ചിരിക്കുന്ന ഷെഡുകള്‍, 50 നായ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയറ്റര്‍, പ്രീ ആന്‍ഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികള്‍, ജീവനക്കാര്‍ക്കുള്ള മുറി, എബിസി ഓഫീസ്, സ്റ്റോര്‍, മാലിന്യനിര്‍മാര്‍ജന സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകള്‍വരെ നടത്താനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്. ഒരു വെറ്ററിനറി സര്ജന്, നാല് മൃഗപരിപാലകര്‍, ഒരു തിയറ്റര്‍ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്തസംഘം എന്നിവരെ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുണ്ട്.