ഡോക്ടർമാരില്ല, ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ദുരിതത്തിൽ
1537100
Thursday, March 27, 2025 11:48 PM IST
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതു രോഗികളെ ദുരിതത്തിലാക്കുന്നു. അഞ്ചു ഡോക്ടര്‍മാര്‍ സേവനം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഇവിടെ പലപ്പോഴും ഡോക്ടര്‍മാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒപി പ്രവര്‍ത്തനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്.
ഉച്ചയ്ക്കുശേഷം എത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും ഉണ്ടാവാറില്ല. ഇതേത്തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ഒപി പ്രവര്‍ത്തിക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചു പലപ്പോഴും ഗേറ്റില്‍ ബോര്‍ഡും സ്ഥാപിക്കാറുണ്ട്. കഴിഞ്ഞ ദിവസവും ഉച്ചയ്ക്കുശേഷം ഒപി ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഇത് ചികിത്സ തേടിയെത്തിയ രോഗികളെ ദുരിതത്തിലാക്കി.
ചാരുംമൂട് മേഖലയിലെ നാല് പഞ്ചായത്തുകളില്‍നിന്നായി പ്രതിദിനം അഞ്ഞൂറിലധികം പേര് ഇവിടെ ചികിത്സ തേടി എത്താറുണ്ട്.
അഞ്ചു ഡോക്ടര്‍മാരില്‍ ഒരാള്‍ ഇപ്പോള്‍ അവധിയിലാണ്. താത്കാലിക നിയമനം കിട്ടിയ ഒരു ഡോക്ടറും ബാക്കിയുള്ള മൂന്നു ഡോക്ടര്‍മാരും ചേര്‍ന്നാല്‍ നാലുപേര്‍ നിലവില്‍ ഡ്യൂട്ടിയില്‍ കാണണം.
എന്നാല്‍, ഡോക്ടര്‍ അവധിയിലാണെന്ന സൂചന നല്‍കിയാണ് ഒപി മുടക്കുന്നത്. ആരോഗ്യ വകുപ്പും ജില്ലാ പഞ്ചായത്തും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും കേന്ദ്ര സഹായവും എല്ലാം ഉപയോഗിച്ച് സാമൂഹ്യാരോഗ്യ കേന്ദ്രത്തിനുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും രോഗികളുടെ ചികിത്സാസൗകര്യം മെച്ചപ്പെടുത്താന്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ആദ്യം അടിയന്തര ചികിത്സ അനിവാര്യമായിരിക്കുകയാണ്.
കിടത്തി ചികിത്സയ്ക്കുവേണ്ടി പ്രത്യേക ബ്ലോക്കും എല്ലാ സൗകര്യങ്ങളോടെയുള്ള ആധുനിക കെട്ടിടങ്ങളും ഇവിടെയുണ്ടെങ്കിലും രാത്രി ഡ്യൂട്ടിക്കു ഡോക്ടമാരെ നിയോഗിച്ചിട്ടില്ല. ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് രാത്രിയില്‍ താമസിക്കാനുള്ള പ്രത്യേക കെട്ടിടങ്ങളും ഇവിടെയുണ്ട്. എന്നിട്ടും കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.
കൊല്ലം-തേനി ദേശീയപാതയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രോഗികളുടെ ദുരിതത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.