രാകേഷ് തിരോധാനം: പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല
1537099
Thursday, March 27, 2025 11:48 PM IST
ഹരിപ്പാട്: താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്നാരോപിച്ച് രാകേഷിന്റെ മാതാവ് ഫയൽ ചെയ്ത ഹർജിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.
പോലീസ് റിപ്പോർട്ടിനായി കേസ് ഇന്നലെ ഹരിപ്പാട് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മനീഷ കെ.ഭദ്രൻ മുമ്പാകെ പരിഗണിച്ചപ്പോഴാണ് അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ഹാജരാക്കാതിരുന്നത്.
തന്റെ മകനെ കൊലപ്പെടുത്തുവാൻ നേതൃത്വം കൊടുത്ത പ്രതികളുടെ പേരും കൊലപ്പെടുത്തുവാനുള്ള കാരണവും കാണിച്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിപ്പോർട്ടുപോലും ഫയൽ ചെയ്യാതെ തികച്ചും നിരുത്തരവാദിത്വപരമായ നിലപാടാണ് പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും പ്രതികളിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ അവരെ രക്ഷപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും രാകേഷിന്റെ അമ്മ അറിയിച്ചു. അഭിഭാഷകനുമായി ആലോചിച്ച ശേഷം തന്റെ മകന്റെ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ തുടർ നടപടികളുമായി ശക്തമായിത്തന്നെ മുന്നോട്ട് പോകുമെന്ന് രാകേഷിന്റെ അമ്മ പറഞ്ഞു.
നേരത്തെ, രാകേഷിന്റെ തിരോധാനം കൊലപാതകമാണെന്നും അതിന് നേതൃത്വം കൊടുത്തവർക്ക് തോക്ക് ഉൾപ്പെടെയുള്ളആയുധങ്ങൾ കൈവശമുണ്ടെന്നും അഡ്വ. പ്രതാപ് ജി. പടിക്കൽ മുഖേന സമർപ്പിച്ച ഹർജിയിൽ രാകേഷിന്റെ മാതാവ് ആരോപിച്ചിരുന്നു.
തുടർന്ന് പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളിൽ പോലീസ് നടത്തിയ റെയ്ഡിൽ വിദേശനിർമിത തോക്കും തിരകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു.
കേസിൽ രാകേഷിന്റെ മാതാവിന് വേണ്ടി പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.