ഗാന്ധിപ്രതിമ മാറ്റുന്നതിൽ പ്രതിഷേധം
1536900
Thursday, March 27, 2025 6:01 AM IST
കായംകുളം: നഗരസഭയുടെ മുന്നിലെ ഗാന്ധി പ്രതിമ തകർത്ത് അഴിമതിയുടെ സ്മാരക കവാടം നിർമിക്കാനുള്ള നഗരസഭാ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും കൊണ്ട് ജനവിരുദ്ധമായ ഒരു നഗരസഭയാണ് കായംകുളത്തെതെന്നും വികസനമോ മാലിന്യസംസ്കരണമോ ശുചീകരണപ്രവർത്തനങ്ങളോ സമയബന്ധിതമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ഭരണ നേതൃത്വമാണ് ഇപ്പോഴുള്ളത്.
തകർന്നു വീഴാറായ നഗരസഭാ മന്ദിരത്തിനു മുന്നിൽ എസിപി വർക്ക് ചെയ്ത് കോടിക്കണക്കിന് രൂപയുടെ നഷ്ടം നഗരസഭയ്ക്കു വരുത്തിവച്ച ഭരണനേതൃത്വം രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭയ്ക്ക് ലിഫ്റ്റ് സ്ഥാപിച്ചതിലും കോൺഫറൻസ് ഹാൾ പണിതതിലുമുള്ള അഴിമതിയാരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ഗാന്ധിപ്രതിമ പൊളിച്ചുമാറ്റി നഗരസഭയ്ക്കു പുതിയ കവാടം പണിയാനുള്ള ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നഗരസഭയ്ക്കു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, കെപിസിസി ഭാരവാഹികളായ ഇ. സമീർ, എൻ. രവി, കറ്റാനം ഷാജി, എ. ത്രിവിക്രമൻ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രചാരണം വസ്തുതാവിരുദ്ധം: ചെയർപേഴ്സൺ
കായംകുളം: ഗാന്ധി പ്രതിമ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും നഗരസഭാ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. നഗരസഭയുടെ ശതാബ്ദി ആഘോഷം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നഗരസഭ ഓഫീസിനു മുമ്പിൽ ഒരു സ്മാരക കവാടം നിർമിക്കാൻ കൗൺസിൽ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ പദ്ധതിയിൽ കൗൺസിൽ തീരുമാനിച്ച് 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തു. മുനിസിപ്പൽ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.
നഗര കാര്യാലയത്തിന് മുൻവശമുള്ള ഗാന്ധി പ്രതിമ പൊളിച്ചു കളയുവാൻ ആരും തീരുമാനിച്ചിട്ടില്ല. രാഷ്ട്രപിതാവിന്റെ പേരിൽ കള്ള പ്രചാരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ ശ്രമങ്ങളും തെറ്റായ പ്രസ്താവനകളും പ്രതിഷേധാർഹമാണെന്നും ഇത് സമൂഹം പുച്ഛിച്ചുതള്ളുമെന്നും ചെയർപേഴ്സൺ പി. ശശികല പ്രസ്താവനയിൽ പറഞ്ഞു.