ജനകീയ ബജറ്റുമായി കായംകുളം നഗരസഭ; ലഹരിവിമുക്ത നഗരത്തിനായി ഡി അഡിക്ഷൻ സെന്റർ സ്ഥാപിക്കും
1536886
Thursday, March 27, 2025 5:52 AM IST
കായംകുളം: കായംകുളം നഗരസഭയുടെ 2025-26 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിച്ചു. മുന്നിരിപ്പ് ഉൾപ്പെടെ 70, 41,09,923 രൂപ വരവും 63,16,96,515 രൂപ ചെലവും 7,24,13,408 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ജെ. ആദർശ് ആണ് അവതരിപ്പിച്ചത്.
ലഹരിവിമുക്ത നഗരം, ഉത്പാദന, സേവന മേഖലകൾ, ശുചിത്വം, മാലിന്യ സംസ്കരണം, പാർപ്പിടം, ദാരിദ്ര്യലഘൂകരണം, സാമൂഹികനീതി, സ്ത്രീസുരക്ഷ, പട്ടികജാതി -പട്ടികവർഗ വികസനം, കുടിവെള്ളം, വൈദ്യുതി, അടിസ്ഥാന സൗകര്യം, പൊതുവിദ്യാഭ്യാസം, ആശുപത്രികൾ, ജനക്ഷേമം, കലാ, കായിക, സാംസ്കാരിക മേഖലകൾ, പശ്ചാത്തല മേഖല, ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങി വിവിധ വികസന പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.
സർക്കാരുമായി സഹകരിച്ച് പുനർജനി എന്ന പേരിൽ ഡി അഡിക്ഷൻ സെന്ററിന് 10 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ശുചിത്വ മാലിന്യ സംസ്കരണത്തിന് 10 കോടി 80 ലക്ഷം, ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി ഫ്ലാറ്റ് സമുച്ചയത്തിന് 5 കോടി 8 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 4 കോടി 55 ലക്ഷവും ബജറ്റിൽ വകയിരുത്തി. പുതിയിടം കുളത്തിനു സമീപം ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കും.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് സ്വയംതൊഴിൽ പദ്ധതി ഉൾപ്പെടെ സാമൂഹ്യക്ഷേമത്തിനായി 2.95 കോടി, സ്ത്രീ സുരക്ഷാ നഗരം പദ്ധതിക്കായി 1.92 കോടി, പട്ടികജാതി പട്ടികവർഗ ക്ഷേമ പദ്ധതികൾക്കായി മൂന്നു കോടി, പശ്ചാത്തല മേഖലയ്ക്കായി 10 കോടി 43 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു. ബജറ്റിൻമേലുള്ള ചർച്ച നാളെ നടക്കും.
പ്രതിപക്ഷം ബഹിഷ്കരിച്ചു
കായംകുളം: നഗരസഭയുടെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളികളോടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ യുഡിഎഫ് കൗൺസിലർമാർ അരമണിക്കൂർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ഉയർത്തിയശേഷം ബജറ്റ് അവതരണം ബഹിഷ്കരിച്ച് പുറത്തിറങ്ങി. എൽഡിഎഫ് അഴിമതി ഭരണത്തിന്റെ അവസാന ബജറ്റാണിതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. ബാഷ, യുഡിഎഫ് കൗൺസിലർമാരായ എ. പി. ഷാജഹാൻ, അൻസാരി കോയിക്കലേത്ത്, ബിജു നമ്പറുള്ള, ബിദു രാഘവൻ, പി.കെ. അമ്പിളി തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.