വയോജന സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം
1536885
Thursday, March 27, 2025 5:52 AM IST
ചേര്‍ത്തല: നഗരസഭയില്‍ വയോജന സംരക്ഷണത്തിനും ദ്രവമാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്‍കിയുള്ള ബജറ്റ് അവതരിപ്പിച്ചു.
74.89 കോടി വരവും 73.41 കോടി ചെലവും 1.48 കോടി നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ അവതരിപ്പിച്ചത്. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്, അമൃത് സമ്പൂർണ ഗാർഹിക കുടിവെള്ള പദ്ധതി, ചേലൊത്ത ചേർത്തല പദ്ധതിയുടെ രണ്ടാംഘട്ടം, സേവ് എഎസ് കനാൽ കാമ്പയിൻ, കനാൽ ഫെസ്റ്റ്് തുടങ്ങി മുൻ വർഷങ്ങളിൽ വിഭാവനം ചെയ്ത വിവിധ പദ്ധതികൾ വിജയകരമാക്കിയതിന്റെ തുടർച്ചയാണ് ഇത്തവണത്തെ ബജറ്റെന്ന് അധ്യക്ഷത വഹിച്ച ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പറഞ്ഞു.
കിടപ്പുരോഗികളായ അനാഥരും നിരാശ്രയരുമായ വയോജനങ്ങൾക്ക് ആശ്വാസമേകാൻ വയോസാന്ത്വനം പദ്ധതി ലക്ഷ്യമിടുന്നു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. വയോജനങ്ങളുടെ ഉല്ലാസയാത്ര, ഓഫീസുകൾ വയോജന സൗഹൃദമാക്കൽ, മരുന്നു വിതരണം, പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വയോജന സംരക്ഷണ കേന്ദ്രങ്ങൾ, വയോജനങ്ങളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ, ഭിന്നശേഷി കലാ-കായിക മത്സരങ്ങളും കലോത്സവങ്ങളും മുതലായവ വിപുലമായി സംഘടിപ്പിക്കും. 197 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്.
ദ്രവമാലിന്യ പരിപാലന മേഖലയിലെ വിവിധ പദ്ധതികൾക്കായും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള കിയോസ്കുകൾ സ്ഥാപിക്കുന്നതിനായും 190 ലക്ഷം രൂപ വകയിരുത്തി. പൊതുജനാരോഗ്യം, ശുചീകരണം, ഡയപ്പർ വണ്ടി, ആരോഗ്യജാല, നൈറ്റ് സ്ട്രീറ്റ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കായ് 390 ലക്ഷം വകയിരുത്തി.
മാലിന്യമുക്തം നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളും കായലുകളും സംരക്ഷിച്ച് ജലസംരക്ഷണം ഉറപ്പിക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യും. പുതിയ കാനകളും കലുങ്കുകളും നിർമിക്കും. വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ശാസ്ത്രീയമായ പഠനങ്ങൾ നടത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി 125 ലക്ഷം രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
769 ലക്ഷം രൂപയാണ് ദാരിദ്യ നിർമാർജനത്തിനായി നീക്കിവച്ചിട്ടുള്ളത്. ആർദ്ര റസിഡൻഷ്യൽ സ്കൂൾ, അർബൻ ഹെൽത്ത് വെൽനെസ് സെന്ററുകൾ എന്നിവയ്ക്ക് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടങ്ങൾ നിർമിക്കും.
ടിബിക്കു സമീപം പാർക്ക്-ലാൻഡിംഗ് പ്ലേസ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഓപ്പൺ ഓഡിറ്റോറിയം, അറവുശാല, വെറ്ററിനറി ഡിസ്പൻസറി എന്നിവ നിർമിക്കും. ശ്രീനാരായണ മെമ്മോറിയില ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പഴയകെട്ടിടം സംരക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ മ്യൂസിയം നിർമിക്കും. ഇതിനായി 1960 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
മാലിന്യക്കൂമ്പാരങ്ങൾ നീക്കംചെയ്ത് സ്വച്ഛ് പാർക്കുകൾ സ്ഥാപിക്കുന്നതിനും വാഹനം വാങ്ങുന്നതിനും ജിഐഎസ് മാപ്പിംഗിനും ഐഎസ്ഒ സർട്ടിഫിക്കേഷനും മറ്റുള്ളവയ്ക്കുമായി 65 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. മുട്ടം മാർക്കറ്റിൽ പുതിയ മീറ്റ് സ്റ്റാളുകൾ നിർമിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. ടൗൺ സ്കൂൾ ബോയ്സ് സ്കൂൾ കോമ്പൗണ്ടിലേക്കു മാറ്റിസ്ഥാപിക്കണമെന്നുമുള്ള പൊതു നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കും.
തദ്ദേശീയരായ രാഷ്ട്രീയ- സാംസ്കാരക നായകർക്ക് സ്മാരകം, സ്വാതന്ത്യ സ്മൃതി മണ്ഡപം എന്നിവ നിർമിക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 183 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.