കുട്ടനാട്ടിലെ 29 ഗ്രാമീണ റോഡുകൾക്ക് 8.41 കോടി രൂപയുടെ ഭരണാനുമതി
1536881
Thursday, March 27, 2025 5:52 AM IST
എടത്വ: കുട്ടനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ പരിധിയിലുള്ള 29 ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് 8.41 കോടിയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ. തോമസ് എംഎല്‍എ അറിയിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് സമര്‍പ്പിച്ച 35 റോഡുകളുടെ പട്ടികയില്‍നിന്നുള്ള 29 റോഡുകള്ക്കാണിപ്പോള് ഫണ്ട് അനുവദിച്ചത്. ഇതില്‍ 19 റോഡുകള്‍ക്കായി 6.09 കോടി രൂപ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍നിന്നും അനുവദിച്ചിരുന്നു. 2.32 കോടി രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും അനുവദിച്ചതും ചേര്‍ത്താണ് 8.41 കോടി വിനിയോഗിച്ച് 29 ഗ്രാമീണ റോഡുകളുടെ നിര്‍മാണം നടത്തുക.
ദീര്‍ഘനാളായി കാല്‍നടയാത്ര പോലും ദുഷ്കരമായ വീയപുരം പ്രയാറ്റേരി-മണിയങ്കരി റോഡ്, തലവടി ആംബുലന്‍സ് പാലം-ഗൂര്‍ഖണ്ഡസാരി കലിങ്ക് റോഡ്, എസ്ബിഐ പടി - പുത്തന്‍പുര പങ്കിപ്പുറം പടി റോഡ്, കളങ്ങര യുഗധാരാപ്പടി-കങ്കായത്തോട് റോഡ്, എടത്വ പാലപ്പറമ്പില്‍ പടി-അട്ടിച്ചിറ റോഡ്, ഇല്ലിമൂട് -എടത്വ മാര്‍ക്കറ്റ് റോഡ്, മുട്ടാര്‍ മൊഴികാട് പടി-കൈതവന പടി റോഡ്, വാരിയത്ത് പാലം- കണ്ണംകുളം പാലം റോഡ്, തകഴി മുക്കട പാലം -വടക്കേകരയില്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തോണിക്കടവ് റോഡ്, സിഎസ്ഐ പള്ളി റോഡ്, വിജലഭ- കോന്തങ്കരി റോഡ്, രാമങ്കരി ഗുരുമന്ദിരം -240ല്‍ മോട്ടോര്‍ തറ റോഡ്, മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷന് - എസ്എന്‍ഡിപി റോഡ്, വെളിയനാട് കിഴക്കേ പുത്തന്‍പുരയ്ക്കല്‍ മുട്ട് - ആറ്റുകടവ് റോഡ്, ഗുരുമന്ദിരം തെക്ക് ഭാഗത്തേയ്ക്ക് കളരിത്ര റോഡ്, എസ്എന്‍ഡിപി ശ്മശാനം -കടത്തുകടവ് റോഡ്, ചമ്പക്കുളം 60 ല്‍ചിറ - പൂത്തറ പാലം റോഡ്, മങ്കൊമ്പ് ചെത്തുതൊഴിലാളി യൂണിയന് ഓഫീസ് ജംഗ്ഷന് - ആറ്റുകടവ് റോഡ്, പുളിംകുന്ന് എട്ടില്‍ പാലം-പിഡബ്ല്യുഡി റോഡ്, വേണാട്ട്കാട് റോഡ്, നെടുമുടി കോയിക്കാട് പാലം -നന്മ സ്റ്റോര്‍ റോഡ്, വിളക്കുമരം-നാല്പതിന് ചിറ ജെട്ടി റോഡ്, കൈനകരി മനവേലി തോട് വടക്കേക്കരയില്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് കായല്‍ ചിറ ജെട്ടി റോഡ്, ചെറുകായല്‍ പടിഞ്ഞാറ് ഉമ്പിക്കാരം പാലം മുതല്‍ വടക്ക് ഭാഗത്തേക്ക് റോഡ്, നീലംപേരൂര്‍ നാരകത്ര-മുക്കോടി -കിളിയങ്കാവ് ബോട്ട് ജെട്ടി റോഡ്, കണിയാന്തറ നഗര്‍-19ല്‍ചിറ റോഡ്, കാവാലം തിരുവിളങ്ങാട് ക്ഷേത്രം-കളത്തില്‍ പാലം റോഡ്, രാജപുരം -കറുകപ്പാടം -പരുന്തുവാലന്‍ ചിറ റോഡ്, പുളിംകുന്ന് കാനാച്ചേരി-കാഞ്ഞിക്കല്ചിറ റോഡ് എന്നീ റോഡുകളാണ് നിര്‍മിക്കുന്നത്.
ഇതില്‍ ചില റോഡുകള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ ഘട്ടത്തിലെത്തിയിട്ടുണ്ട്. മറ്റുള്ളവയുടെ സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെൻഡര്‍ ചെയ്ത് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ എന്‍ജിനിയറിംഗ് വിഭാഗം മുഖാന്തരമാണ് റോഡുകളുടെ നിര്‍മാണം നടത്തുന്നത്.
കുട്ടനാട്ടിലെ ഗ്രാമീണ റോഡുകളുടെ സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും ഈ ഫണ്ടില്‍ ഉള്‍പ്പെടാത്ത ഗ്രാമീണ റോഡുകള്‍ എംഎല്‍എ ഫണ്ട് ഉള്‍പ്പടെയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി പുനര്‍ നിര്‍മിച്ച് കുട്ടനാട്ടിലെ ഗതാഗതസൗകര്യം മികച്ചതാക്കി മാറ്റാനുള്ള എല്ലാം നടപടികളും തുടര്‍ന്നും കൈക്കൊള്ളുമെന്നും തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു.