മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി കീശകീറും ; അഞ്ചു സ്ഥാപനങ്ങള്‍ക്ക് 25,000 രൂപ പിഴ
1536434
Tuesday, March 25, 2025 11:59 PM IST
ആലപ്പുഴ: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ബുധനൂര്‍ പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു സ്ഥാപനങ്ങള്‍ക്ക് 25,000 രൂപ പിഴ. അജൈവമാലിന്യങ്ങള്‍ ശരിയായരീതിയില്‍ സംസ്കരിക്കാത്തതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് പിഴ ഈടാക്കാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ശിപാര്‍ശ ചെയ്തത്. മൂന്നു സ്കൂളുകള്‍, കാര്‍ വാഷിംഗ് സെന്റര്‍, സ്വകാര്യവ്യക്തി തുടങ്ങിയവര്‍ നിയമലംഘനങ്ങള്‍ നടത്തിയത് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് നടപടി. 12 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പതു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിപിന്‍ ബാബു, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ ടി. യമുനേശന്‍, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ പി. അശ്വതി, ബുധനൂര്‍ പഞ്ചായത്ത് ക്ലര്‍ക്ക് സേതു മാധവന് തുടങ്ങിയവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി. 31ന് സംസ്ഥാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.