ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
1536433
Tuesday, March 25, 2025 11:59 PM IST
ചെങ്ങന്നൂർ: അമിത വേഗത്തിലെത്തിയ ബൈക്കി ടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടോടെ ചെറിയനാട് മൗട്ടത്ത്പടി ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന കെട്ടിട നിർമാണ തൊഴിലാളി തമിഴ്നാട് മാർത്താണ്ഡം സ്വദേശി ജഗനെ(32) കൊല്ലകടവ് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ചെറിയനാട് പഴഞ്ഞിയിൽ അഖിലിന്റെ (23) ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബൈക്ക് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്കിലും ഇടിച്ചു.
ഈ അപകടത്തിൽ കാൽനട യാത്രക്കാരനായ ജഗൻ റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന അഖിലിനും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ കൊല്ലം കിഴക്കേ കല്ലടയിൽ ദേവകൃപയിൽ ദേവൻ മോഹൻ (21), കുറത്തികാട് പുന്നവിള കിഴക്കേതിൽ പ്രവീൺ (30) എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരെയും ഉടൻതന്നെ കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ശുശ്രൂഷകൾക്കുശേഷം ഗുരുതരമായി പരിക്കേറ്റ ജഗനെ വിദഗ്ധ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയലേക്കും അഖിലിനെ കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ജഗൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അമിത വേഗമാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ വെൺമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.