വിടപറഞ്ഞത് ആദിവാസികളുടെ കൈപ്പുണ്യമുള്ള ഡോക്ടറമ്മ
1536432
Tuesday, March 25, 2025 11:59 PM IST
മങ്കൊമ്പ്: സിസ്റ്റർ റോസിന്റെ വേർപാട് ആദിവാസിമേഖലകളിലെ അതിദരിദ്രരായ ജനതയ്ക്കു തീരാനഷ്ടം. കഴിഞ്ഞ 52 വർഷമായി അവിഭക്ത ബിഹാർ, ജാർഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിൽ ആതുരശുശ്രൂഷ സേവന മാർഗമായി സ്വീകരിച്ചു പ്രേഷിത പ്രവർത്തനം നടത്തിവന്നിരുന്ന സന്യാസിനിയാണ് വിടപറഞ്ഞത്. ചമ്പക്കുളം കല്ലൂർക്കാട് ഇടവകാംഗമായ സിസ്റ്റർ 1943 മാർച്ച് 19നു ചമ്പക്കുളം കളത്തിപ്പറമ്പിൽ ചാക്കോ കൊച്ചൗസേപ്പിന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു.
ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഫ്രാൻസിസ്കൻ സന്യാസിനീ സമൂഹത്തിൽ അംഗമായി ചേർന്ന് അവിഭക്ത ബിഹാർ സേവന മേഖലയായി തെരഞ്ഞെടുത്തു. ഹോമിയോപ്പതിയിൽ ബിരുദം (ഡിഎച്ച്എം) നേടി വിവിധ മിഷൻ കേന്ദ്രങ്ങളിലെ ഹെൽത്ത് സെന്ററുകളിലെ സേവനത്തോടൊപ്പം ബാക്കി സമയം ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുകയായിരുന്നു. ഹോമിയോപഠനം കൂടാതെ ആശുപത്രി ശുശ്രൂഷയിലൂടെ നേടിയെടുത്ത ആധുനിക വൈദ്യശാസ്ത്രത്തിലെ അറിവ് ഗ്രാമീണ സ്ത്രീകളുടെ ഗർഭസ്ഥ ശിശു സംരക്ഷണം, കുട്ടികളുടെ ആരോഗ്യം തുടങ്ങിയ മേഖലകളിലും ശുശ്രൂഷകൾക്കു സഹായകമായി.
ഹസാരിബാഗ്, കൊടർമ, നവാദ എന്നീ പ്രദേശങ്ങളായിരുന്നു പ്രധാന പ്രവർത്തനമേഖലകൾ. 1966ൽ സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റർ 1972ൽ നിത്യവ്രതവാഗ്ദാനം നടത്തിയപ്പോൾ മുതൽ തുടങ്ങിയ സേവനത്തിനാണ് ഇപ്പോൾ വിരാമമാകുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു മരണം. ഭൗതീകശരീരം 27ന് രാവിലെ ഒൻപതിന് ജാർഖണ്ഡിലെ കൊടർമ എന്ന സ്ഥലത്തെ അസീസി ഭവൻ കോൺവന്റിൽ സംസ്കരിക്കും.