ഡ്രൈവര്‍ മദ്യലഹരിയില്‍; ഓട്ടോ മറിഞ്ഞ് ഏഴു സ്കൂൾ കുട്ടികള്‍ക്കു പരിക്ക്
1518797
Friday, February 28, 2025 11:55 PM IST
ചേർത്തല: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഏഴു കുട്ടികൾക്കു പരിക്ക്. മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിൽനിന്നും പരീക്ഷ കഴിഞ്ഞു മടങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികളായ അനിരുദ്ധ്, അഭിനവ് കൃഷ്ണ, അവന്തിക, ജോതിലക്ഷ്മി, അനുപമ, മൂന്നാം ക്ലാസ് വിദ്യാർഥികളായ ബാലഭാസ്കർ, ആര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
കുട്ടികളെ താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എസ്.എൽ പുരം താമരപ്പള്ളിയിൽ അജയകുമാർ (49) ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ ഇടതുകൈക്ക് പരിക്കുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ മാരാരിക്കുളം മാർക്കറ്റിനു സമീപമായിരുന്നു അപകടം. ഓട്ടോഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ചേർത്തല പോലീസ് പറഞ്ഞു.