ജില്ലയില്‍ 28 റോഡുകള്‍ പൂര്‍ത്തിയാക്കി: മന്ത്രി സജി ചെറിയാൻ
1518160
Thursday, February 27, 2025 3:59 AM IST
ആലപ്പുഴ: തീരദേശ റോഡുകളുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 28 റോഡുകള്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാനായതായി മന്ത്രി സജി ചെറിയാന് പറഞ്ഞു. ചേര്‍ത്തല മണ്ഡലത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ഒമ്പത്, കൊല്ലം 15, ആലപ്പുഴ 28, കോട്ടയം രണ്ട്, എറണാകുളം ആറ്, തൃശൂര്‍ പത്ത്, പാലക്കാട് ഒന്ന്, കോഴിക്കോട് നാല്, മലപ്പുറം ആറ്, കണ്ണൂര്‍ പത്ത്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് നിലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡുകള്‍. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച 93 തീരദേശ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നുവരുന്നത്. മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ഉടനെ നാടിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വയലാര്‍ പഞ്ചായത്ത് കൊടിയനാട്- പാട്ടച്ചിറ റോഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. തീരദേശ മേഖലയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് നിരവധി പദ്ധതികളാണ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് നടപ്പാക്കുന്നതെന്നും തീരദേശ റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വഴി നിരവധി ഗ്രാമീണ റോഡുകള്‍ക്ക് മികച്ച നിലവാരം കൈവരിക്കാനായതായും അദ്ദേഹം പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വയലാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. ഗോപിനാഥന് നായര്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി. റെജി, പട്ടണക്കാട് ബ്ലോ പഞ്ചായത്തംഗം എസ്.വി. ബാബു, വയലാര്‍ പഞ്ചായത്തംഗം ബീന തങ്കരാജ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഡിവിഷന് ആലപ്പുഴ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എസ.് സ്വപ്ന, ഹാര്‍ബര്‍ എൻജിനിയറിംഗ് സബ്ഡിവിഷന് അര്‍ത്തുങ്കല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.പി. സുനില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2024-25 വര്‍ഷത്തില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തില്‍ 96.50 ലക്ഷം രൂപ മുതല്‍മുടക്കി നിര്‍മാണം പൂര്‍ത്തീകരിച്ച കടക്കരപ്പള്ളി പഞ്ചായത്ത് നാല്, അഞ്ച്, 11, 13 വാര്‍ഡുകളിലെ വട്ടയ്ക്കര - കുഞ്ഞിത്തൈ - തൈക്കല്‍ റോഡ്, 49 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച തണ്ണീര്‍മുക്കം പഞ്ചായത്ത് 10-ാം വാര്‍ഡിലെ മൂര്‍ത്തിക്കാവ്- തകിടിവെളി റോഡ്, 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് 21ലെ കാക്കനാട് ക്ഷേത്രം - പാണാട്ട് കുരിശടി റോഡ്, 67.6 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പട്ടണക്കാട് പഞ്ചായത്ത് വാര്‍ഡ് മൂന്നിലും വയലാര്‍ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ഉള്പ്പെട്ടള്ള പത്മാക്ഷിക്കവല-കാവില്‍പ്പള്ളി റോഡ്, 61 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വയലാര്‍ പഞ്ചായ്ത് വാര്‍ഡ് 15ലെ കൊടിയനാട്ട് - പാട്ടച്ചിറ റോഡ്, മുഹമ്മ പഞ്ചായത്ത് അറ്, ഏഴ്, 14 വാര്‍ഡുകളിലായി 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഡീപ്പോക്കടവ് - പോളക്കാടന്‍ ജംഗ്ഷന് റോഡ്, 31.2 ലക്ഷം മുതല്‍മുടക്കി നിര്‍മിച്ച മുഹമ്മ പഞ്ചായത്ത് വാര്‍ഡ് 15ലെ തടത്തുവെളി - കാട്ടുകട ഹരിജന്‍ നഗര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.