തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടു പ്രതികൾ കൂടിറസ്റ്റിൽ
1518159
Thursday, February 27, 2025 3:59 AM IST
കായംകുളം: ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്റ്റ് പണിക്കായി വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി മർദി ക്കുകയും ലക്ഷങ്ങൾ കവർച്ച നടത്തുകയും ചെയ്ത കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി വൈസിലിനെയാണ് തട്ടിക്കൊണ്ടു പോയി മർദിക്കുകയും കുത്തി പരി ക്കേൽപ്പിക്കുകയും ചെയ്തത്.
പഴ്സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നു പിൻവലിച്ച കേസിലാണ് ചേരാവള്ളി കളിക്കൽ പുത്തൻവീട്ടിൽ സൽമാൻ (27), ചേടുവള്ളിൽ തറയിൽ തുപ്പാക്കി എന്നു വിളിക്കുന്ന അൽത്താഫ് (25) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർ കേസിലെ അഞ്ചും ആറും പ്രതികൾ ആണെന്നും കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
പ്രതികൾ കായംകുളം എസ് ബിഐയുടെ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പ്രതികൾ കായംകുളം പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസിലും അഞ്ചാം പ്രതിയായ സൽമാൻ ഹരിപ്പാട് പോലീസ് സ്റ്റേഷനിലും ആറാം പ്രതിയായ അൽത്താഫ് കായംകുളം പോലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണന്നും ആറാം പ്രതിയായ അൽത്താഫ് ചേരാവള്ളിയിലെ വീട്ടിൽനിന്ന് ആറ് ഗ്രാം ചരസ് പിടികൂടിയ കേസിലും ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, പോലീസുദ്യോഗസ്ഥരായ ബിജു, സജീവ് കുമാർ, അഖിൽ മുരളി, ഷിബു, വിഷ്ണു, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.