തീരദേശ ഹർത്താൽ പൂർണം
1518435
Thursday, February 27, 2025 10:58 PM IST
ഹരിപ്പാട്: കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ള കടൽമണൽ ഖനനത്തിനെതിരേ കേരള സ്റ്റേറ്റ് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ തീരദേശ ഹർത്താൽ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും പൂര്ണമായിരുന്നു. വലിയഴീക്കൽ ഹാർബറിൽ തൊഴിലാളികൾ ഇല്ലാത്ത അവസ്ഥയായിരുന്നു.
മത്സ്യബന്ധനത്തിനു പോകാതെ തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല.
സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾ സമരസമിതിയുടെ നേതൃത്വത്തിൽ വലിയഴീക്കൽ പ്രകടനവും യോഗവും നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ ഉദ്ഘാടനം ചെയ്തു. സിഐടിയു കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ജി. ബിജു കുമാർ അധ്യക്ഷത വഹിച്ചു. ജോൺ തോമസ്, കെ. ശ്രീകൃഷ്ണൻ, ബി. ദിലീപ്കുമാർ, ഷംസുദ്ദീൻ കായിപ്പുറം, അനിൽ ബി. കളത്തിൽ, എം. ഉത്തമൻ, ജി.എസ്. സജീവൻ, സുഭഗൻ എന്നിവർ പ്രസംഗി ച്ചു.
പതിയാങ്കരയിൽനിന്നും ആരംഭിച്ച പ്രകടനം തൃക്കുന്നപ്പുഴ ജംഗ്ഷനിൽ എത്തിച്ചേർന്നതിനുശേഷം നടന്ന പൊതുസമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗം സി. രത്നകുമാർ ഉദ്ഘാടനം ചെയ്തു. ധീവരസഭ 71-ാം നമ്പർ കരയോഗം പ്രസിഡന്റ് തമ്പി പതിയാങ്കര അധ്യക്ഷനായി. സി.വി. രാജീവ്, എസ്. സുധീഷ്, പ്രസന്നൻ, എം. ഹരിമോൻ, സി.എച്ച്. സാലി എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ: കടൽമണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തീരദേശ ഹർത്താൽ പൂർണം. കടൽ സമ്പത്തും ധാതുമണലും കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ല എന്ന ഉറച്ച പ്രഖ്യാപനവുമായി നടത്തിയ ഹർത്താലിൽ മുഴുവൻ മത്സ്യത്തൊഴിലാളികളും പണിമുടക്കി.
50 ലധികം പീലിംഗ് ഷെഡുകൾ അടഞ്ഞുകിടന്നു. അനുബന്ധ മേഖലയിലെ തൊഴിലാളികളും പണിമുടക്കി ഹർത്താലിന്റെ ഭാഗമായി. ബോട്ടുകളും ചെറുവള്ളങ്ങൾ ഉൾപ്പെടെയുള്ളവയും പണിക്കിറക്കിയില്ല. മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലെ തൊഴിലാളികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്ത് പ്രതിഷേധ റാലികളും നടത്തി.
വണ്ടാനം മാധവമുക്കിൽ നിന്ന് വളഞ്ഞവഴി തീരത്തേക്ക് നടത്തിയ റാലിയിൽ സ്ത്രീകളടക്കമുള്ളവർ പങ്കെടുത്തു. ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം ചേർന്ന സമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർ. അർജുനൻ അധ്യക്ഷനായി. സലാം അമ്പലപ്പുഴ, ഡി. ദിലീഷ് എന്നിവർ പ്രസം ഗിച്ചു.
തോട്ടപ്പള്ളി ഹാർബറിനു സമീപം സമീപം ചേർന്ന യോഗം മത്സ്യത്തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി. ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
പുന്നപ്ര മേഖല കമ്മിറ്റി വിയാനി സെന്റ് ജൂഡ് ചാപ്പലിനു സമീപം നിന്നു പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് സർവ കക്ഷി പ്രതിഷേധ പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗം വിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കരക്കാട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ കെ. ആർ. ഗോപാലകൃഷ്ണൻ, അഖിലാനന്ദൻ, എം. ഷീജ, സുബൈദ, അഷ്കർ, സത്താർ എന്നിവർ പ്രസംഗിച്ചു.