പക്ഷിപ്പനി: സാമ്പിള്‍ റിപ്പോര്‍ട്ടുകള്‍ വൈകുന്നു
1517776
Tuesday, February 25, 2025 11:47 PM IST
മുട്ടയും താറാവുമില്ലാതെ നിരണം ഡക്ക്ഫാം
തിരുവല്ല: അപ്പര്‍കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞവർഷമുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ താറാവ് കര്‍ഷകര്‍ ദുരിതത്തില്‍. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട 38 പ്രഭവകേന്ദ്രങ്ങളില്നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പഠനവും പരിശോധനയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ പൂര്‍ത്തിയായിട്ടില്ല.
ഇതോടെ അപ്പർകുട്ടനാടൻ മേഖലകളായ നിരണം, കടപ്ര, വീയപുരം, നെടുമ്പ്രം പ്രദേശങ്ങളിലെ കര്‍ഷകരാണ് ദുരിതത്തിലായത്. പക്ഷിപ്പനിയെത്തുടര്‍ന്ന് പത്തുമാസം മുമ്പ് അടച്ചുപൂട്ടിയ നിരണം ഡക്ക് ഫാം തുറന്നു പ്രവര്‍ത്തിപ്പിക്കാനും ഇതുമൂലം സാധിച്ചിട്ടില്ല.
പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ അപ്പർകുട്ടനാട് മേഖലയില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയിരുന്നു. ദേശാടനപ്പക്ഷികളുടെ സീസണ് കഴിയുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.
കർഷകരുടെ
ജീവിതമാർഗം നിലച്ചു
നിരണം ഡക്ക്ഫാമിലെ ഹാച്ചറികളുടെ പ്രവര്‍ത്തനങ്ങള്‍ നിർത്തിയതും താറാവ് കര്‍ഷകരെയും ദുരിതത്തിലാക്കി. മുമ്പ് മുട്ടവിരിഞ്ഞ് ഒരുദിവസമായ കുഞ്ഞുങ്ങളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇങ്ങനെ മാസംതോറും 20,000ത്തോളം താറാവ് കുഞ്ഞുങ്ങളെവരെ വില്പന നടത്തിയിരുന്നു.
ഗുണമേന്മയുള്ളതും കുറഞ്ഞവിലയിലും ലഭിച്ചിരുന്ന താറാവ് കുഞ്ഞുങ്ങളെ വളര്‍ത്തി മുട്ടയും ഇറച്ചിയും വില്പനനടത്തി നൂറുകണക്കിന് കര്‍ഷകരാണ് ഉപജീവനം നടത്തിയിരുന്നത്.
ഡക്ക് ഫാമിലെ ഹാച്ചറി പ്രവര്‍ത്തനമില്ലാത്തതിനാല്‍ ഈസ്റ്റര്‍ വിപണിയില്‍ താറാവിനു ക്ഷാമം ഉണ്ടായേക്കും. ഈസ്റ്റര്‍ ആഘോഷങ്ങളിൽ താറാവ് വിഭവങ്ങള്‍ക്ക് പ്രിയം ഏറെയാണ്. സ്വകാര്യഫാമുകള് സജീവമാണെങ്കിലും മുട്ടയുടെയും ഇറച്ചിയുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ഡക്ക്ഫാം വലിയ പങ്കുവഹിച്ചിരുന്നു.
മുട്ടയ്ക്കും ഇറച്ചിക്കും
വിലകൂടി
താറാവുകള്‍ വിപണിയില്‍ കുറഞ്ഞതോടെ ഇറച്ചിക്കും മുട്ടയ്ക്കും വിലകൂടി. നാടന്‍മുട്ട എന്ന പേരില്‍ വിപണിയില്‍ ലഭിക്കുന്നവയില്‍ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവയാണ്. അപ്പര്‍കുട്ടനാട്ടില്‍ പക്ഷിപ്പനി പടര്‍ന്നതോടെ കഴിഞ്ഞ മേയിലാണ് മുട്ടവിരിയിക്കല്‍ പൂര്‍ണമായും നിർത്തി ഡക്ക് ഫാം പൂട്ടിയത്.
താറാവുകള്‍ ഇല്ലെങ്കിലും ഡക്ക്ഫാമില് അസിസ്റ്റന്റ് ഡയറക്ടറും വെറ്ററിനറി സര്‍ജനും ഫീല്‍ഡ് ഓഫീസറും ക്ലാര്‍ക്കും തൊഴിലാളികളും ജോലിക്ക് എത്തുന്നുണ്ട്. വൈറസിന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
കുട്ടനാടന്‍ ഇനങ്ങളായ ചാര, ചെമ്പല്ലി താറാവുകളായിരുന്നു ഡക്ക്ഫാമില് വില്പന നടത്തിയിരുന്നത്. ഇറച്ചിക്കായി വിഗോവ, സ്നോവെല്, കാക്കി ക്യാപെല് എന്നീ ഇനങ്ങളും വളര്‍ത്തിയിരുന്നു.
എന്നാൽ, പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്ന് അടഞ്ഞുകിടന്നിരുന്ന ഹാച്ചറികളായ കുട്ടനാട്ടിൽ ചാത്തങ്കരിയിലും അപ്പർ കുട്ടനാട്ടിൽ പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിൽ താറാവിൻ കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മുട്ടകളുപയോഗിച്ചാണ് ഉത്പാദനം നടക്കുന്നതെന്നാണ് കർഷകർ പറയുന്നത്.
ഒരു ഉത്പാദന കേന്ദ്രത്തിൽ ഒരേ സമയം 15,000 മുതൽ 30,000 കുഞ്ഞുങ്ങളെ വരെ വിരിയിക്കാൻ ശേഷിയുള്ളതാണ് ഹാച്ചറികളിൽ അധികവും. പള്ളിപ്പാട്, ചെന്നിത്തല, വിയപുരം, ചെറുതന, എടത്വ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ താറാവുകൃഷിയുമായി വീണ്ടും രംഗത്തുവന്നിരി ക്കുകയാണ്.