ചങ്ങനാശേരി-കാവാലം റൂട്ടിൽ കെഎസ്ആർടിസി; സ്റ്റേ സർവീസ് നേരത്തെയാക്കി,യാത്രക്കാർ പ്രതിഷേധത്തിൽ
1518796
Friday, February 28, 2025 11:55 PM IST
മങ്കൊമ്പ്: മുന്നറിയിപ്പില്ലാതെ ബസ് സമയം മാറ്റിയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. കെഎസ്ആർടിസി ചങ്ങനാശേരി ഡിപ്പോയിൽനിന്നു കൃഷ്ണപുരം വഴി കാവാലത്തിനുള്ള രാത്രികാല സർവീസ് സമയം നേരത്തെയാക്കിയതാണ് യാത്രക്കാരെ വലച്ചത്.
ചങ്ങനാശേരിയിൽനിന്ന് രാത്രി 8.40ന് കാവാലത്തിന് പുറപ്പെടുന്ന സർവീസാണ് പത്തുമിനിറ്റു നേരത്തെയാക്കിയത്. രാത്രി 8.40നു പുറപ്പെടുന്ന ബസ് രാത്രി കാവാലത്ത് സ്റ്റേ ചെയ്തു പിറ്റേന്ന് പുലർച്ചെ 5.30നു പുറപ്പെടുന്ന സർവീസായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞദിവസം മുതൽ 8.30നു ചങ്ങനാശേരിയിൽനിന്നു പുറപ്പെടുന്ന വിധത്തിൽ പുനഃക്രമീകരിക്കുകയായിരുന്നു.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി യാത്രക്കാരാണ് തിരികെ വീട്ടിലേക്കെത്താൻ ഈ സർവീസുകളെ ആശ്രയിച്ചിരുന്നത്. മറ്റു സ്ഥലങ്ങളിൽനിന്നുള്ള ബസുകളുടെ സമയം ക്രമീകരിച്ച് ചങ്ങനാശേരിയിലെത്തുന്ന യാത്രക്കാർക്കു നേരത്തെ സർവീസ് ആരംഭിക്കുന്നതോടെ വീട്ടിലെത്താനാകാത്ത സാഹചര്യമാണുള്ളത്. 8.30നുശേഷം ചങ്ങനാശേരിയിലെത്തുന്ന യാത്രക്കാർ ഓട്ടോറിക്ഷയിൽ വീടുകളിലെത്തേണ്ട സാഹചര്യമാണുള്ളത്. കൂലിപ്പണിക്കും മറ്റും പോകുന്ന സാധാരണക്കാർക്ക് ഇതു വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ വന്നതു മുതലാണ് മുളയ്ക്കാംതുരുത്തി, കുമരങ്കരി, വാലടി, നാരകത്ര, കാവാലം തുടങ്ങിയ പ്രദേശത്തെ ജനങ്ങൾക്കു യാത്രാക്ലേശം നേരിട്ടുതുടങ്ങിയത്. അതുവരെ ചങ്ങനാശേരിയിൽനിന്നു കൈനടി, കൃഷ്ണപുരം വഴി രണ്ട് സ്റ്റേ സർവീസുകൾ കാവാലത്തിനുണ്ടായിരുന്നു. രാത്രി 9.30നായിരുന്നു അവസാന സർവീസ് പുറപ്പെട്ടിരുന്നത്.
നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന സർവീസ് കെഎസ്ആർടിസിക്കു ഏറെ ലാഭകരമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും സ്റ്റേ സർവീസുകൾ ആരംഭിക്കാൻ അധികൃതർ തയാറായിരുന്നില്ല. ഇതേത്തുടർന്ന നിരവധി പരാതികൾക്കൊടുവിൽ ഇതിനായി സ്റ്റേ ബസ് സർവീസ് സംരക്ഷണ സമിതി പ്രവർത്തകർ വകുപ്പു മന്ത്രിയെ നേരിൽ കാണുകയായിരുന്നു.
ജീവനക്കാരുടെ താമസ സൗകര്യങ്ങളുടെ പോരാമയാണ് തടസമായി അധികൃതർ ഉന്നയിച്ചത്. ഇതേത്തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ സൗകര്യങ്ങളൊരുക്കിയെങ്കിലും ഒരു സ്റ്റേ സർവീസ് മാത്രമാണ് ആരംഭിച്ചത്. കോട്ടയത്തുനിന്നു രണ്ടുണ്ടായിരുന്നതിൽ ഒന്നു മാത്രമാണ് പുനരാരംഭിച്ചത്.
എന്നാൽ, ആരംഭിച്ച ബസുകളുടെ സർവീസ് സമയം നേരത്തെയാക്കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ സമയം വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതിനെതിരേ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. സർവീസ് പുറപ്പെടുന്ന സമയം നേരത്തെയുണ്ടായിരുന്നതുപോലെ പുനഃക്രമീകരിക്കണമെന്ന് ബസ് പാസഞ്ചേഴ്സ് കുട്ടനാട് മേഖല പ്രസിഡന്റ് പ്രദീപ് വാലടി ആവശ്യപ്പെട്ടു. നേരത്തെ സ്കൂൾ വിദ്യാർഥികൾക്കായി രാവിലെ 8.20നു പുറപ്പെട്ട് പറാൽ, കുമരങ്കരി, വാലടി, തുരുത്തി വഴിയുള്ള സർക്കുലർ സർവീസും പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.