മില്ലറ്റുകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഗുണകരം: മന്ത്രി പി. പ്രസാദ്
1518789
Friday, February 28, 2025 11:55 PM IST
കായംകുളം: മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങള് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മാറുന്ന കാലത്തെ അനാരോഗ്യഭക്ഷണം മൂലമുണ്ടാകാനിടയുള്ള ജീവിതശൈലീരോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര പഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവർഷം 40 ലക്ഷം ടൺ അരി എന്ന അളവിൽനിന്നും 29 ലക്ഷം ടൺ എന്ന നിലയിലേക്ക് സംസ്ഥാനത്തെ അരി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം ജീവിതശൈലീ രോഗങ്ങൾ തന്നെയാണ്. മറ്റ് പല രോഗങ്ങളിലേക്കും വഴി തുറക്കുന്ന പ്രമേഹത്തിൽനിന്നു രക്ഷനേടാനുള്ള മാർഗമെന്ന നിലയ്ക്ക് ഡോക്ടർമാർ പറഞ്ഞു കേൾക്കുമ്പോഴാണ് വീണ്ടും മലയാളി ഈ അവഗണിക്കപ്പെട്ട ചെറുധാന്യങ്ങളെ ആഹാരത്തിന്റെ ഭാഗമാക്കാൻ തയാറാകുന്നത്- മന്ത്രി കൂട്ടി ച്ചേർത്തു.
ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ ചെറുധാന്യ കൃഷി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയിലാണ് ദേവികുളങ്ങര കൃഷിഭവൻ പരിധിയിൽ തന്നെ ജില്ലയിലെ ആദ്യ മില്ലറ്റ് കഫേ പദ്ധതി നടപ്പിലാക്കുന്നത്. മില്ലറ്റ് കഫേയിലൂടെ ചെറുധാന്യകൃഷിയെ കൂടുതലറിയാൻ അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷയായി. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ, വൈസ് പ്രസിഡന്റ് നീതുഷാ രാജ്, പഞ്ചായത്തംഗങ്ങളായ എസ്. രേഖ, ഇ. ശ്രീദേവി, ആർ. രാജേഷ്, ലീനാ രാജു, ശ്യാമ വേണു, പ്രശാന്ത് രാജേന്ദ്രൻ, ശ്രീലത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി. സ്മിത, കായംകുളം കൃഷി അസി. ഡയറക്ടർ സുമാറാണി, ദേവികുളങ്ങര പഞ്ചായത്ത് കൃഷി ഓഫീസർ എബി ബാബു തുടങ്ങിയവർ പങ്കെടുത്തു.