സര്‍വേക്കിടെ പയസ്വിനിപ്പുഴയില്‍ മുങ്ങിമരിച്ച നിഖിലിന്റെ സംസ്കാരം ഇന്ന്
1518161
Thursday, February 27, 2025 3:59 AM IST
ചെങ്ങന്നൂര്‍: കാസര്‍കോട് അഡുര്‍ പയസ്വിനിപ്പുഴയില്‍ റെഗുലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള ഡിജിറ്റല്‍ സര്‍വേക്കിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് മുങ്ങിമരിച്ച സര്‍വേയര്‍ ചെങ്ങന്നൂര്‍ ചെറിയനാട് മാബ്ര തുമ്പിനാല്‍ വീട്ടിലെ ടി.ആര്. തുളസീധരന്റെ മകന് ടി. നിഖിലിന്റെ (28) സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാസര്ഗോ ട് അഡൂര്‍ പയസ്വിനിപ്പുഴയിലാണ് ദാരുണമായ അപകടം നടന്നത്.
ചെറുകിട ജലസേചനവകുപ്പ് പള്ളങ്കോട്ടു നിര്‍മിക്കുന്ന റെഗുലേറ്ററിന്റെ സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഡിജിറ്റല്‍ സര്‍വേ നടത്തുമ്പോഴാണ് അപകടമുണ്ടായത്. കൊച്ചിയിലെ എസ്റ്റിം കമ്പനിക്കായിരുന്നു സര്‍വേയുടെ ചുമതല. കമ്പനി ഉപകരാര്‍ നല്കിയ ഒറിജിന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നിഖില്‍.
പുഴയുടെ തെക്കും വടക്കുമായി രണ്ടുപേര്‍ വീതമാണ് സര്‍വേ നടത്തിയിരുന്നത്. നാലുപേരും ലൈഫ് ജാക്കറ്റ് ധരിച്ചാണ് ജോലി തുടങ്ങിയത്. ഇടവേളയില്‍ ഇവര്‍ ലൈഫ് ജാക്കറ്റ് ഊരിമാറ്റി കയത്തിനരികിലെ വലിയ പാറയില്‍ വിശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ നിഖില്‍ എഴുന്നേല്ക്കുമ്പോള് കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ആഴമേറിയ ഇടമായതിനാല്‍ അവര്‍ക്ക് രക്ഷിക്കാനായില്ല.കുറ്റിക്കോലില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മ: ഷില. സഹോദരന്: നിധീഷ്. ചെറിയനാട് നിന്ന് ബന്ധുക്കള്‍ കാസര്‍കോട് എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു.