കായല്‍ നിലങ്ങളില്‍ വിളമോഷണം വ്യാപകം
1518436
Thursday, February 27, 2025 10:58 PM IST
മങ്കൊമ്പ്: കായല്‍മേഖലയില്‍ മോഷണം വ്യാപകമെന്നു പരാതി. കായല്‍പ്പുറം ബണ്ടിലെ കരകൃഷികളാണ് പതിവായി കളവുപോകുന്നത്. കായല്‍ നിലങ്ങളുടെ പുറംബണ്ടില്‍ തെങ്ങ്, വാഴ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
കര്‍ഷകരെല്ലാം തന്നെ ദൂരെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കായല്‍ച്ചിറയില്‍ ആള്‍ത്താമസമില്ലാത്തതും മോഷ്ടാക്കള്‍ക്കു സൗകര്യമാകുന്നു. തെങ്ങില്‍ നിന്നു മിക്കവാറും കര്‍ഷകര്‍ക്ക് ഫലങ്ങളൊന്നും കിട്ടാറില്ല. വിളയും മുന്‍പ് കരിക്കുകള്‍ വന്‍തോതില്‍ മോഷ്ടാക്കള്‍ കൊണ്ടുപോകുകയാണ് പതിവ്. ഇതിനു പിന്നാലെ അടുത്തകാലത്തായി തെങ്ങിന്റെ തളിരിലകളും (കുരുത്തോല) വന്‍തോതില്‍ മുറിച്ചുകൊണ്ടുപോകുകയാണെന്നാണ് കര്‍ഷകരുടെ പരാതി.
വാഴക്കുലകളും പാകമാകും മുന്‍പുതന്നെ മറ്റുള്ളവര്‍ കൊണ്ടുപോകുമെന്നതിനാല്‍ കര്‍ഷകര്‍ കടുത്ത നിരാശയിലാണ്. പുഞ്ചകൃഷിയാരംഭിക്കുന്നതോടെ പുറംബണ്ടിലും കായല്‍ നിലത്തിന്റെ ഓരങ്ങളിലുമായി കര്‍ഷര്‍ കപ്പ, പലയിനം പച്ചക്കറികള്‍ എന്നിവയും നട്ടുവളര്‍ത്താറുണ്ട്.
വലിയ തോതിലുള്ള അധ്വാനവും പണച്ചെലവും കൃഷിക്കാവശ്യമാണ്. എന്നാല്‍, വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവര്‍ക്കു ഇതില്‍നിന്നും വിളവെടുക്കാന്‍ സാധിക്കുന്നത്. മൂവായിരത്തിയഞ്ഞൂറു കായല്‍, ഇ ബ്ലോക്കു ഇരുപത്തിനാലായിരം കായല്‍, എച്ച് ബ്ലോക്ക്, ആക്കനടി പാടശേഖരം എന്നിവിടങ്ങളിലാണ് പ്രധാനമായും മോഷണശല്യം വ്യാപകമാകുന്നത്.
റാഫി മോഴൂര്‍, തോമാച്ചന് കളത്തില്‍, ജിനോ മാലിത്തറ, വക്കച്ചന് മംഗലപ്പള്ളി തുടങ്ങിയ കര്കര്ഷകരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ മോഷണം നടന്നിരിക്കുന്നത്.
നൂറോളം തെങ്ങുകളുടെ തളിരോലകള് മുറിച്ചെടുത്തതായി കര്‍ഷകര്‍ പറയുന്നു. പ്രധാനമായും തിരുനാളുകള്‍, ഉത്സവങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കു വില്ക്കുന്നതിനായിട്ടാണ് ഇത്തരം ഓലകള്‍ മോഷണം നടത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മൂവായിരത്തിയഞ്ഞൂറ് കായലിലെ കര്‍ഷകര്‍ പാടശേഖരസമിതിയുടെ പേരില്‍ ഇതു സംബന്ധിച്ചു കൈനടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ പോലും ഫലമില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കടുത്ത നിരാശയിലാണ്. കായല്‍ മേഖലകളില്‍ പകലും രാത്രികാലങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.