വെയിലിൽ കരിഞ്ഞ് ജില്ല, ശുദ്ധജല ക്ഷാമത്തിൽ ജനം
1518150
Thursday, February 27, 2025 3:58 AM IST
ആലപ്പുഴ: ജില്ലയിലെ പകുതിയിലേറെ ഭാഗത്തും വേനൽക്കാലത്തു ശുദ്ധജലക്ഷാമം രൂക്ഷം. ആകെയുള്ള 72 പഞ്ചായത്തുകളിൽ 45 എണ്ണത്തിലും ആറു നഗരസഭകളിൽ മൂന്നിടത്തും കഴിഞ്ഞവർഷം ശുദ്ധജലക്ഷാമമുണ്ടായി. ശുദ്ധജലക്ഷാമമുണ്ടായ സ്ഥലങ്ങളുടെ പട്ടിക ദുരന്ത നിവാരണവകുപ്പ് തയാറാക്കിയിട്ടുണ്ട്.
ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതനുസരിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ചു നൽകുന്നുണ്ട്. വരൾച്ച സ്ഥിരീകരിച്ചാൽ ടാങ്കറുകളിലെ ജലവിതരണത്തിനു ദുരന്ത നിവാരണ വകുപ്പിൽനിന്നു ധനസഹായം ലഭിക്കും. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ ഓരോവർഷവും ഭൂഗർഭ ജലവിതാനം താഴുന്നതു ശുദ്ധജലക്ഷാമത്തിന്റെ വ്യാപ്തി കൂട്ടുന്നു.
പുഞ്ചകളുടെ സമീപത്തു പോലും കഴിഞ്ഞവർഷങ്ങളിൽ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടിരുന്നു. കല്ലട, പമ്പ ഇറിഗേഷൻ പ്രോജക്ടുകളിലെ കനാലുകളിലൂടെ വെള്ളമെത്തിച്ചാൽ പ്രദേശത്തെ കിണറുകളിൽ ഒരു പരിധി വരെ വെള്ളമെത്തും.
അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിൽ പൈപ്പ് പൊട്ടൽ, പമ്പിംഗ് ശേഷിക്കുറവ് തുടങ്ങി ശുദ്ധജലവിതരണ സംവിധാനത്തിലെ പ്രശ്നങ്ങളാണു ജലക്ഷാമമുണ്ടാക്കുന്നത്. കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ തീരമേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ഒരു മാസത്തിലേറെയായി പള്ളിത്തോട് 1,16 വാർഡുകളിൽ വെള്ളമെത്തുന്നില്ല. ജപ്പാൻ ശുദ്ധജല പൈപ്പ് പലയിടങ്ങളിലും ചോർച്ചയുള്ളതിനാൽ പമ്പിംഗ് സമയത്ത് മലിനജലം ലഭിക്കുന്നതായും പരാതി. കുട്ടനാട് മേഖലയിൽ വെള്ളമുണ്ടെങ്കിലും ശുദ്ധജല ലഭ്യത കുറവായതിനാൽ ജല അഥോറിറ്റിയുടെ വെള്ളത്തെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വള്ളങ്ങളിൽ ടാങ്കുകളും വീപ്പകളും വച്ച് അവയിലാണു ശുദ്ധജല വിതരണം നടത്തുന്നത്.
തീരദേശ മേഖലയിൽ ഭൂഗർഭജലം ഉണ്ടെങ്കിലും ഉപ്പുരസം കാരണം ഉപയോഗിക്കാനാകില്ല. ഇവിടെയും പൈപ്പിലൂടെ വെള്ളമെത്തിയില്ലെങ്കിൽ ജലക്ഷാമം നേരിടുന്ന സ്ഥിതിയാണ്. ഫെബ്രുവരിയിൽ തന്നെ പൊള്ളുന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ വകുപ്പിന്റെ വരൾച്ച വിലയിരുത്തൽ യോഗങ്ങളും മറ്റും നേരത്തെയാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം ശുദ്ധജലക്ഷാമം അനുഭവപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ:
നഗരസഭകളിൽ കായംകുളം, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിലാണു ശുദ്ധജലക്ഷാമമുള്ളത്. പല പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മിക്കയിടത്തും 35 ഡിഗ്രിക്കു മുകളിലാണ്ഉയർന്ന താപനില.
ചൂട് കൂടുന്നതിനാൽ ജില്ലയിൽ ഉൾപ്പെടെ മിക്കയിടത്തും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും രണ്ടു ഡിഗ്രി വരെ ചൂട് കൂടാനും സാധ്യതയേറെ. ജില്ലയിൽ ചെറിയ തോതിൽ വേനൽമഴ ലഭിച്ചേക്കുമെന്നു പറയുന്നെങ്കിലും കാണാനില്ല. ശുദ്ധജലക്ഷാമത്തിന്റെ വ്യാപ്തി ചുടിനൊപ്പം കൂടുമ്പോൾ ആശങ്കയിലാവുകയാണ് ജനം.