കുടിവെള്ള പ്രശനം പരിഹരിക്കാൻ യോഗം വിളിച്ചു
1517773
Tuesday, February 25, 2025 11:47 PM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ദേശീയപാതാ അഥോറിറ്റി ഓഫ് ഇന്ത്യയുടെയും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. എച്ച്. സലാം എംഎൽഎയുടെ നിർദേശാനുസരണം വിളിച്ചുചേർത്ത യോഗത്തിൽ കളക്ടർ അധ്യക്ഷനായി.
ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി യുഡിസ് മാറ്റിന്റെ പ്രധാന പൈപ്പ് ലൈൻ കേടുവന്നതിനെത്തുടർന്നാണ് പുന്നപ്രയിലെ കുടിവെള്ള വിതരണം താറുമാറായത്. ഇതിന്റെ അടിസ്ഥാനത്തിൽ പൈപ്പ്ലൈൻ പുനർവിന്യസിക്കുന്ന പ്രവൃത്തികൾ നീണ്ടുപോയതിനെതുടർന്നാണ് എംഎൽഎ യോഗം വിളിച്ചത്. ഒരു ദിവസത്തിനുള്ളിൽ കേടുപാടുകൾ പരിഹരിക്കണമെന്ന് യോഗം നിർദേശിച്ചു.
പൂർണതോതിൽ കുടിവെള്ളം എത്തുന്നതുവരെ ഹൈവേ നിർമാണ കരാർ കമ്പനിയുടെയും വാട്ടർ അഥോറിറ്റിയുടെയും നേതൃത്വത്തിൽ കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാൻ തീരുമാനിച്ചു. ദേശീയപാതയ്ക്ക് കുറുകെ സ്ഥാപിക്കേണ്ട കുടിവെള്ള പൈപ്പ്ലൈനുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തീരുമാനിച്ചു.
യോഗത്തിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ്, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ വിപിൻ മധു, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ്, പഞ്ചായത്ത് സെക്രട്ടറി ആർ.ആർ. സൗമ്യാ റാണി എന്നിവർ പങ്കെടുത്തു.