കടവുകളെ ബന്ധിച്ച് മാക്കേക്കടവ്- നേരേകടവ് പാലം പണി തകൃതി
1518441
Thursday, February 27, 2025 10:58 PM IST
പൂച്ചാക്കൽ: പുനരാരംഭിച്ച മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ 88 ഗർഡറുകളിൽ 44 എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി മാക്കേക്കടവ്- നേരേകടവ് പാലം പണി തകൃതിയായി നടക്കുന്നു. പൂർത്തിയാക്കിയ 44 ഗർഡറുകളിൽ 33 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 22 സ്പാനുകളാണ് വരുന്നത്.
മാക്കേക്കടവ് ഭാഗത്ത് 10 എണ്ണവും നേരേകടവ് ഭാഗത്ത് 10 എണ്ണവും നടുവിലായി രണ്ടുമാണ് വരുന്നത്. 22 സ്പാനുകളിൽ 8 സ്ഥാപിച്ചു. ഇതിൽ അഞ്ച് സ്പാനുകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. ആറാമത്തെ സ്പാനിന്റെ കോൺക്രീറ്റിംഗ് നടക്കുകയാണ്. മാക്കേക്കടവ് ഭാഗത്തുനിന്നു നേരേകടവിലേക്ക് 200 മീറ്ററോളം നീളത്തിൽ കോൺക്രീറ്റിംഗ് കഴിഞ്ഞിട്ടുണ്ട്. 800 മീറ്ററാണ് പാലത്തിന്റെ നീളം.
7.5 മീറ്റർ വീതി
അതിവേഗത്തിലാണ് നിർമാണം നടക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ വേഗത്തിൽ നിർമാണം പൂർത്തികരിക്കാനാകും എന്നാണ് അധികൃതർ പറയുന്നത്. മാക്കേക്കടവ്– നേരേകടവ് പാലം വേമ്പനാട് കായലിനുകുറുകെ 800 മീറ്റർ നീളത്തിലാണ്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. 7.5 മീറ്റർ വീതിയാണുള്ളത്.
തുറവൂർ-പമ്പ പാതയിലെ രണ്ടാമത്തെ പാലമാണിത്. തുറവൂരില്‍നിന്ന് ആരംഭിച്ച് തൈക്കാട്ടുശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തുന്നതാണ് പാത.
തുറവൂര്‍ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി ഒട്ടേറെ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. തണ്ണീർമുക്കം ബണ്ട് വഴി ചുറ്റിക്കറക്കിയാണ് ഇപ്പോൾ ജനങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നത്. പാലം പൂർത്തിയാകുന്നതോടെ വേഗത്തിൽ ആശുപത്രിയിൽ എത്താനാകും. 2026 ജനുവരിയിൽ നിർമാണം പൂർത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. വിവിധ കാരണങ്ങളാൽ വർഷങ്ങളോളം നിലച്ച നിർമാണം ആറുമാസം മുൻപാണ് പുനരാരംഭിച്ചത്. പാലം പണി തകൃതിയായി നടക്കുന്നതിൽ ആശ്വസിച്ച് പ്രതീക്ഷയോടെ യാത്രക്കാർ പൂർത്തികരണത്തിനായി കാക്കുന്നു.