പിഞ്ചുകുഞ്ഞുമായി അപകട യാത്ര; യുവാവിനെതിരേ നടപടി
1518787
Friday, February 28, 2025 11:55 PM IST
ചേർത്തല: പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പുറകിൽ നിർത്തി അപകടയാത്ര നടത്തിയ യുവാവിനെതിരേ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നടപടിയെടുത്തു.
26ന് രാത്രി 11ന് ചേർത്തല പതിനൊന്നാം മൈൽ-ഭജനമഠം റോഡിലായിരുന്നു അഭ്യാസയാത്ര. ഓടിക്കുന്ന ആളിന്റെ കഴുത്തിൽ മാത്രമായിരുന്നു കുഞ്ഞുപിടിച്ചിരുന്നത്. ഏതെങ്കിലും രീതിയിൽ വാഹനം കുഴിയിൽ വീഴുകയോ, പെട്ടെന്ന് ബ്രേക്കു പിടിക്കുകയോ ചെയ്താൽ കുട്ടി തലയടിച്ച് റോഡിൽ വീഴുന്ന അവസ്ഥയിലായിരുന്നു. പിന്നാലെ പോയ യാത്രക്കാരൻ വീഡിയോ ചിത്രീകരിച്ച് മോട്ടോർ വെഹിക്കൾ ആപ്പിൽ പരാതി നൽകി.
മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഇയാ ളുടെ ലൈസന്‍സ് രണ്ടു തവണ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ സസ്പെൻഷൻ കാലയളവിലായിരുന്നു വാഹനം ഓടിച്ചതും. ഇതെത്തുടർന്ന് ഇയാളുടെ ലൈസൻസ് കാൻസൽ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ കെ.ജി. ബിജു പറഞ്ഞു.