ആശയ്ക്കും ഗാലിബിനും നിയമപരമായ എല്ലാ സുരക്ഷയും നല്‍കും: ജില്ലാ പോലീസ് മേധാവി
1518444
Thursday, February 27, 2025 10:58 PM IST
ആലപ്പുഴ: ഭീഷണിയെത്തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയ്ക്കും മുഹമ്മദ് ഗാലിബിനും സംരക്ഷണമൊരുക്കുമെന്ന് പോലീസ്. നിയമപരമായ എല്ലാ സുരക്ഷയും കേരള പോലീസ് നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലുണ്ടായ സാഹചര്യത്തില്‍ മറ്റാര്‍ക്കും അവരെ കൊണ്ടുപോകാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ആശാ വര്‍മയ്ക്കും മുഹമ്മദ് ഗാലിബിനും സംരക്ഷണമൊരുക്കണമെന്ന് പോലീസിനോട് കേരള ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപടെല്‍. സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ പോലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ആശയും ഗാലിബും വര്‍ഷങ്ങളായി സ്നേഹബന്ധത്തിലുള്ളവരാണ്. വിവാഹശേഷവും ഇരുവരും മതം മാറിയിട്ടില്ല. ഇരുവരുടെയും മത വിശ്വാസങ്ങളില്‍ തുടരുന്നു.
ആശ ഗാലിബിനൊപ്പം എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് അന്വേഷണത്തില്‍ ബോധ്യമായതായും ഇക്കാര്യം ജാര്‍ഖണ്ഡ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.