ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1518146
Thursday, February 27, 2025 3:58 AM IST
ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റോഷി അഗസ്റ്റിന് കത്തുനല്‍കി.
ജില്ലയില്‍ കുടിവെള്ള വിതരണ സംവിധാനത്തില്‍ അടിക്കടി ഉണ്ടാകുന്ന തകരാറുകളും ചോര്‍ച്ചയും പരിഹരിക്കുന്നതിന് നിലവിലെ സംവിധാനങ്ങളൊന്നും പര്യാപ്തമല്ല. കുടിവെള്ളം ലഭ്യമാക്കുന്നതില്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ ദേശീയപാതാ നവീകരണത്തെത്തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടി ശുദ്ധജലവിതരണം പൂര്‍ണമായും തകരാറിലായിരിക്കുകയാണ്.
ആഹാരം പാകം ചെയ്യാന്‍ പോലും ശുദ്ധജലം ലഭ്യമാകാതെ പ്രദേശവാസികള്‍ തീര്‍ത്തും ദുരിതത്തിലാണെന്നും മന്ത്രിക്ക് നല്കിയ കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
മാരാരിക്കുളം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ പാതിരപ്പള്ളി മാര്‍ക്കറ്റിന് പടിഞ്ഞാറുഭാഗത്ത് വെള്ളം കിട്ടാതായിട്ട് എട്ടുമാസമായി. കൊമ്മാടിയിലെ ജലസംഭരണിയില്‍നിന്ന് താത്കാലികമായി വെള്ളം എത്തിക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങിയെങ്കിലും ദേശീയപാതയോരത്തെ നാല് വൈദ്യുതത്തൂണുകള്‍ ദേശീയപാതാ അഥോറിറ്റി മാറ്റിക്കൊടുക്കാത്തതിനാല് മുന്നോട്ടു പോകാനായിട്ടില്ല.
കാട്ടൂരിലെ 12 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി കമ്മീഷന് ചെയ്തിട്ടും പഞ്ചായത്തിലെ പകുതിയോളം വാര്‍ഡുകളില്‍ വെള്ളം എത്താത്ത സ്ഥിതിയാണുള്ളതെന്നും വേണുഗോപാല്‍ പറയുന്നു. ദേശീയപാതയ്ക്ക് പടിഞ്ഞാറും റെയില്‍വേയ്ക്ക് കിഴക്കുമുള്ള മേഖലകളിലെ വാര്‍ഡുകളിലും തീരദേശറോഡിന് പടിഞ്ഞാറുമാണ് വെള്ളത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നത്.
പുലയന്‍വഴി ജംഗ്ഷനിലെ വൈറ്റ് ടോപ്പ് റോഡില്‍നിന്നും വലിയകുളം ഭാഗത്തേക്ക് തിരിയുന്ന ടാര്‍ റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാന്‍ നടപടിയായിട്ടില്ല.
പൈപ്പ് ലൈന്‍ നിരന്തരം പൊട്ടി കുടിവെള്ളം പാഴായിട്ടും തകരാര്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ചില വാര്‍ഡുകളില്‍ നാലുമാസത്തിലേറെയായി വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഗുരുമന്ദിരം വാര്‍ഡില്‍ അന്പോളം വീടുകളില്‍ ഒരു മാസമായി പൈപ്പ് ലൈന്‍ വഴി ശുദ്ധജലം ലഭിക്കുന്നില്ല. ഇരവുകാട് വാര്‍ഡില്‍ തീരദേശറോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം റോഡില്‍ പാഴായിപ്പോകാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമായി. നഗരത്തിലെ 2644 പൊതുടാപ്പുകളില്‍ 1479 എണ്ണം വിച്ഛേദിക്കാന്‍ ഭരണസമിതി തീരുമാനിച്ചതും വലിയ പ്രതിസന്ധിയുണ്ടാക്കും. ആര്‍ഒ പ്ലാന്റുകള്‍ വഴിയുള്ള നഗരസഭയുടെ ശുദ്ധജലവിതരണത്തിന്റെ ബില്ല് അടയ്ക്കാത്തതിനാല്‍ തിരുവമ്പാടി ആര്.ഒ പ്ലാന്റിന്റെ കണക്ഷന് ജല അഥോറിറ്റി വിച്ഛേദിച്ചതും ശുദ്ധജലക്ഷാമം രൂക്ഷമാക്കുന്നു.
ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം കുടിവെള്ളപൈപ്പുകള്‍ തകരാറിലായി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതലയോഗം ചേര്‍ന്ന് വിഷയത്തെക്കുറിച്ച് വിശദമായി വിലയിരുത്തി അടിയന്തര നടപടികള്‍ ആവിഷ്കരിക്കണമെന്നും കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.