അതിദരിദ്രര്‍ക്ക് ഫ്ളാറ്റ് ഒരുക്കി നഗരസഭ
1517775
Tuesday, February 25, 2025 11:47 PM IST
ആലപ്പുഴ: നഗരസഭ ചാത്തനാട് കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന മുഴുവന്‍ ഫ്ളാറ്റുകളും നഗരസഭ പരിധിയിലെ അതിദരിദ്രരായ ഭവനരഹിതര്‍ക്കായി നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. 24 ഗുണഭോക്താക്കളാണുള്ളത്. നിലവില്‍ നഗരസഭ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട്ടുവാടക ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ പണം വകയിരുത്തി വാടക നല്കി വരികയാണ്. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും എത്തിച്ചു നല്‍കുന്നതോടൊപ്പം, പാചകം ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റും നല്കിവരുന്നു.
നവംബര്‍ മാസം അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോള്‍ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീടാണ് നഗരസഭ ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം മാര്‍ച്ച് 20ന് മുന്‍പ് നടത്താന്‍ തീരുമാനിച്ചു. മാലിന്യമുക്ത കേരളം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 30 സീറോ വേസ്റ്റ് ദിനത്തോടനുബന്ധിച്ചാണ്. അതിനു മുന്നോടിയായി നഗരസഭയിലെ എല്ലാ വാര്‍ഡുകളും മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിക്കും. പൊതുജന പങ്കാളിത്തത്തോടെയുള്ള വിപുലമായ കാമ്പയിന് നടത്താന്‍ നഗരസഭ തീരുമാനിച്ചു. നഗരത്തിലെ ടൗണുകള്‍, കലാലയങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഹരിത ചട്ടം പാലിച്ച് പ്രവര്‍ത്തന സജ്ജമാക്കും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, ആര്. വിനിത, കക്ഷിനേതാക്കളായ റീഗോ രാജു, ഡി.പി. മധു, ഹരികൃഷ്ണന്, പി. രതീഷ്, കൗണ്‍സിലര്‍മാരായ ബി. അജേഷ്, ആര്. രമേഷ്, മനു ഉപേന്ദ്രന്, ബി. നസീര്‍, സെക്രട്ടറി ഷിബു നാല്‍പ്പാട്ട്, ഡെപ്യൂട്ടി സെക്രട്ടറി എ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.