കടൽമണൽ ഖനനത്തിനെതിരേ തീരം ഇന്നു തിളയ്ക്കും
1518163
Thursday, February 27, 2025 3:59 AM IST
അന്പലപ്പുഴ: കേന്ദ്രസർക്കാരിന്റെ കടൽമണൽ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് പ്രതിഷേധം ശക്തം. ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ അർധരാത്രി മുതൽ ആരംഭിച്ചു.
കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുക. സംസ്ഥാനത്തെ പ്രധാനപ്പെട്ട 25 കേന്ദ്രങ്ങളിൽ ഹർത്താലിനോടനുബന്ധിച്ചു ഇന്ന് പൊതുസമ്മേളനങ്ങൾ നടക്കും. ജില്ലയിൽ 13 കേന്ദ്രങ്ങളിലാണ് സമരപ്രഖ്യാപനം നടത്തുന്നത്.
അന്ധകാരനഴി, ചെത്തി, പൊള്ളേതൈ, തുമ്പോളി, ഇഎസ്ഐ, പറവൂർ, പുന്നപ്ര, വളഞ്ഞവഴി, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിലാണ് പ്രതിഷേധ സമ്മേളനം നടക്കുന്നത്. മത്സ്യബന്ധന യാനങ്ങൾ പണിക്കു പോകാതെയും കടകമ്പോളങ്ങൾ അടച്ചുമാണ് തീരദേശത്തിന്റെ തീരജനത പ്രതിഷേധിക്കുന്നത്. മത്സ്യത്തൊഴിലാളികളെ കൂടാതെ അനുബന്ധ മേഖലയായ ചെമ്മീൻ പീലിംഗ്, ഐസ് നിർമാണ കമ്പനികൾ, മത്സ്യ വില്പന ശാലകൾ, കയറ്റിയിറക്കു തൊഴിലാളികൾ തുടങ്ങിയവരും ഹർത്താലിൽ പങ്കാളികളാകും.
യുഡിഎഫ്, എൽഡിഎഫ് തൊഴിലാളി സംഘടനകൾക്കൊപ്പം, ലത്തീൻ രൂപത, ധീവരസഭ, വിവിധ മുസ്ലിം ജമാഅത്തുകളുടെ പിന്തുണയും സമരക്കാർക്കുണ്ട്.
തീരദേശ ജനതയുടെ ആശങ്കയെ മറന്ന് സ്വകാര്യ കമ്പനികൾക്കു കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയം തിരുത്തുന്നതുവരെ പ്രതിഷേധം കടുപ്പിക്കാനാണ് ഫിഷറിസ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിനു പിന്തുണ അറിയിച്ച് ഇന്നലെ പുന്നപ്ര നർബോന മുതൽ വാടയ്ക്കൽ വരെ കെഎൽസിഎയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ റാലിയിൽ സ്ത്രീകളും കുട്ടികളും വൈദികരും ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു.