ആശുപത്രി ഫാർമസിയിൽ മരുന്നുവിതരണത്തിന് ഒരാൾ മാത്രം
1518443
Thursday, February 27, 2025 10:58 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ആശുപത്രി ഫാർമസിയിൽ മരുന്നു വിതരണത്തിന് ഒരാൾ മാത്രം. ആശുപത്രിയിൽ സംഘർഷം. കുടുംബാരോഗ്യകേന്ദ്രമായ ഇവിടെ പ്രതിദിനം നാനൂറിലേറെ രോഗികളാണ് ഒപിയിൽ ചികിത്സതേടിയെത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി മരുന്നു വിതരണത്തിനായി ഓരോ കൗണ്ടറാണുള്ളത്.
കഴിഞ്ഞ ഏതാനും ദിവസമായി രണ്ടു ഫാർമസിയിലുമായി ഒരു ഫാർമസിസ്റ്റാണ് മരുന്നുവിതരണം ചെയ്യുന്നത്. വ്യാഴാഴ്ച ആശുപത്രിയിൽ ഒരേസമയം നുറുകണക്കിന് രോഗികൾ ഡോക്ടറെ കണ്ട ശേഷം മരുന്നുവാങ്ങാൻ ഫാർമസിയിലെത്തിയപ്പോൾ പതിവു പോലെ ഒരു ഫാർമസിസ്റ്റ് മാത്രമാണുണ്ടായിരുന്നത്. വ യോധികരും കട്ടികളും പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന മാതാപിതാക്കളുമടക്കമുള്ളവർ മരുന്നിനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട സ്ഥിതിയായിരുന്നു.
പിഎസ്സിയുടെ ഒന്നും എൻഎച്ച്എമ്മിന്റെ രണ്ടും ഫാർമസിസ്റ്റുകളാണ് ഈ ആശുപത്രിയിലുള്ളത്. ഇതിൽ ഓരോരുത്തരെ പുറക്കാട്, എടത്വ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി നിയമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായത്. പകരം സംവിധാനമേർപ്പെടുത്താതെ ഫാർമസിസ്റ്റുകളെ മാറ്റി നിയമിച്ചതോടെ അമ്പലപ്പുഴ ആശുപത്രിയിലെത്തുന്ന രോഗികൾ മരുന്നിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ്.