വധഭീഷണി നേരിട്ട ജാർഖണ്ഡ് സ്വദേശികളായ കമിതാക്കൾ കായംകുളത്ത് വിവാഹിതരായി
1518155
Thursday, February 27, 2025 3:59 AM IST
കായംകുളം: വധഭീഷണി ഉയർന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കൾ ഒടുവിൽ കായംകുളത്ത് വിവാഹിതരായി. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.
മുഹമ്മദ് ഗാലിബും ആശാ വര്‍മയും കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍, ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയാറായില്ല.
ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നത്. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്താണ് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചത്.
തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇവരെ അന്വേഷിച്ച് ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയാറായില്ല. കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു.