കുറത്തികാട് കുടിവെള്ള പദ്ധതി മുടക്കാൻ ശ്രമിച്ചെന്ന്: എംപിക്കെതിരേ എംഎൽഎ
1518148
Thursday, February 27, 2025 3:58 AM IST
മാവേലിക്കര: ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളുടെ ദീർഘകാല ആവശ്യമായ കുറത്തികാട് കുടിവെള്ള പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിനിൽക്കെ മുടക്കാൻ ശ്രമിച്ച കൊടിക്കുന്നിൽ സുരേഷ് എംപി ജനങ്ങളോട് മാപ്പുപറയണമെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പദ്ധതിയുടെ പാക്കേജ് ഒന്നില്‍ ഉള്‍പ്പെട്ട, റെയില്‍വേ ക്രോസിംഗിനുള്ള സ്റ്റീല്‍ സ്ട്രക്ചര്‍ ഓവര്‍ബ്രിഡ്ജ് നിര്‍മാണം 19 അല്ലെങ്കിൽ 20ന് നടത്താൻ റെയിൽവേയുടെ ബ്രിഡ്ജസ് എൻജിനിയർ വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ, എംപി തന്റെ സൗകര്യത്തിനനുസരിച്ച് ബ്രിഡ്ജ് സ്ഥാപിച്ചാൽ മതി എന്ന നിലയിൽ റെയിൽവേ, ജൽജീവൻ മിഷൻ ഉദ്യോഗസ്ഥർക്ക് നിർദേ ശം നൽകിയതായി ജല്‍ജീവന്‍ മിഷൻ അധികൃതർ സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടന്ന് എംഎൽഎ പറഞ്ഞു.
എംപിയുടെ ഈ നിലപാട് കാരണം റെയിൽവേയിൽനിന്ന് അനുമതി ലഭ്യമായില്ല എന്നും മന്ത്രി ഇടപെട്ട് പ്രവൃത്തി തുടങ്ങുന്നതിനുള്ള തീയതിയും സമയവും റെയിൽവേയിൽനിന്ന് ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ അഭ്യർഥിച്ചിട്ടുണ്ട്. റെയിൽവേയിൽനിന്ന് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചതിനാൽ കരാറുകാർ ക്രമീകരണങ്ങൾ പൂർത്തിയാക്കി ബ്രിഡ്ജ് നിർമിച്ച് പദ്ധതി സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്.
പദ്ധതി വേഗത്തിൽ നടപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ റെയിൽവേ വകുപ്പിന് അടച്ചത്. ഒന്നിച്ചു നിൽക്കേണ്ടതിനു പകരം പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നിലയിൽ പദ്ധതിക്കു തടസം നിൽക്കുന്നത് ജനങ്ങളോട് കാട്ടുന്ന വഞ്ചനയാണ്.
മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര വള്ളികുന്നം പഞ്ചായത്തുകള്‍ക്കും കായംകുളം മണ്ഡലത്തിലെ കൃഷ്ണപുരം ഭരണിക്കാവ് പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂർ മണ്ഡലത്തിലെ മാന്നാര്‍ കുരട്ടിക്കാട് വില്ലേജുകള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് മാര്‍ക്കറ്റ് വളപ്പില്‍ പഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമിയില്‍ 2008 ലാണ് 8.85 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉന്നതതല വാട്ടര്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പദ്ധതിക്ക് 2020ല്‍ ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രി ഇടപെട്ടതോടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വേഗം വന്നു. പുതിയകാവ്-കറ്റാനം റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് തെക്കുഭാഗത്ത് പൊളിച്ചുനീക്കിയ പഴയ മേല്‍പ്പാലം സ്ഥിതി ചെയ്തിരുന്നിടത്താണ് സ്റ്റീല്‍ ബ്രഡ്ജ് സ്ഥാപിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് പദ്ധതി യാഥാർഥ്യമാകുന്ന നിലയെത്തിയപ്പോൾ പോലും ജനങ്ങളോട് നീതി പുലർത്താത്ത നിലപാട് ജനം തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു.