വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
1517772
Tuesday, February 25, 2025 11:47 PM IST
ചാരുംമൂട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്. ഷിബുഖാനെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി.
ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്കു പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പോലീസ് അധ്യാപകനെ അറസ്റ്റുചെയ്തു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.