മണൽഖനനം തീരദേശ ജനതയുടെ ജീവിതം തകർക്കും: മത്സ്യത്തൊഴിലാളി കോൺഗ്രസ്
1518157
Thursday, February 27, 2025 3:59 AM IST
അലപ്പുഴ: മണൽ ഖനനം തീരദേശ ജനതയുടെ ജീവിതം തകർക്കുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്. സംസ്ഥാന സർക്കാരിന്റെ താത്പര്യത്തിന് വിധേയമായി കടൽത്തീരത്ത് നടന്നുവരുന്ന കരിമണൽ ഖനനവും കേന്ദ്രസർക്കാർ നിർദേശത്താൽ ആരംഭിക്കാൻ പോകുന്ന കടൽമണൽ ഖനനവും തീരദേശ ജനതയുടെ ജീവിതം തകർക്കുമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്.
കോർപറേറ്റ് മുതലാളിമാർക്കുവേണ്ടി മാത്രം തീരുമാനങ്ങളുമായി കേന്ദ്ര-കേരള സർക്കാരുകൾ മുന്നോട്ടുപോയാൽ കടൽക്ഷോഭത്തേക്കാൾ വലിയ ജനക്ഷോഭം തീരപ്രദേശത്തുനിന്ന് നേരിടേണ്ടിവരുമെന്നും തീരദേശ ജനത അതിന് സജ്ജമാണെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെപിസി സി ജനറൽ സെക്രട്ടറി എം. ജെ. ജോബ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതവും തകർക്കുന്ന മണൽ ഖനനം അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷനിൽ ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ്, ഡിസിസി ജനറൽ സെക്രട്ടറി പി. സാബു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. കണ്ണൻ, ജില്ലാ സെക്രട്ടറി എൻ. ഷിനോയ്, ഐഎൻ ടിയുസി റീജണൽ പ്രസിഡന്റ് എം.എച്ച്. വിജയൻ, എം.വി. രഘു, ടി.കെ. ബിജു, എം. ജി. ആർ. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.