കെഎസ്ഇബി ഓഫീസിനു സമീപം തീപിടിത്തം; കേബിൾ കത്തിനശിച്ചു
1518790
Friday, February 28, 2025 11:55 PM IST
അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിനു സമീപം തീപിടിത്തത്തിൽ കെഎസ്ഇബിയുടെ കേബിൾ കത്തിനശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. വെള്ളിയാഴ്ച രാവിലെ 10.45 നാണ് തീപിടിത്തമുണ്ടായത്.
കെഎസ്ഇബിയുടെ തെക്കു ഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച രണ്ടു ഡ്രമ്മുകളിലായാണ് ലൈൻ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിൾ സൂക്ഷിച്ചിരുന്നത്.
കുറ്റിക്കാടിന് തീപിടിച്ചപ്പോൾ കേബിളിലേക്കും തീ പടരുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
ദേശീയപാതയ്ക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ എങ്ങനെ തീ പിടിത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്ച മുൻപും സമീപത്ത് കാടിന് വലിയ രീതിയിൽ തീപിടിത്തമുണ്ടായിരുന്നു.