മുളക്കുഴ ചാങ്ങപ്പാടം ചാലില്‍ എംബാങ്കുന്റ് മത്സ്യകൃഷി ആരംഭിച്ചു
1518151
Thursday, February 27, 2025 3:58 AM IST
ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ചാങ്ങപ്പാടം ചാലില്‍ എംബാങ്കുമെന്റ് മത്സ്യകൃഷി പദ്ധതിക്കു തുടക്കമായി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദന് അധ്യക്ഷനായി. ഒരു ഹെക്ടര്‍ സ്ഥലത്ത് നടപ്പാക്കുന്ന പദ്ധതി ജലനിധി മത്സ്യ കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്വയം സഹായ സംഘമാണ് നടത്തുന്നത്.
പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ താത്കാലിക ചിറകളും തടയണകളും നിര്‍മിച്ച് തദ്ദേശീയ മത്സ്യവിത്തുകള്‍ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന എംബാങ്കുമെന്റ് പദ്ധതിക്ക് ഹെക്ടറിന് 15 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 60 ശതമാനം തുക ഫിഷറീസ് വകുപ്പ് സബ്സിഡിയായി നല്‍കും.
ബാക്കി തുക ഗുണഭോക്താക്കള്‍ വഹിക്കണം. കൃത്യമായ ശാസ്ത്രീയ പരിചരണത്തിലൂടെ നാലു മുതല്‍ ആറുമാസത്തിനുള്ളില്‍ 300 മുതല്‍ 400 ഗ്രാം വരെയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിളവെടുക്കാം. ഒരു ഹെക്ടര്‍ സ്ഥലത്ത് 1000 കരിമീന്‍ കുഞ്ഞുങ്ങളെയും 9000 വരാല് കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചിട്ടുള്ളത്.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ജനകീയ മത്സ്യകൃഷി, പിഎംഎംഎസ് വൈ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്നു. കുളങ്ങളിലെ വിവിധ മത്സ്യകൃഷി രീതികള്‍, കൂട് മത്സ്യകൃഷി, മത്സ്യവിത്തുല്പാദന യൂണിറ്റുകള്‍, വളപ്പ് മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍, നൂതന മത്സ്യകൃഷി രീതികളായ ബയോഫ്ലോക്ക് തുടങ്ങിയ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടിയോളം രൂപയുടെ മത്സ്യകൃഷി പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളത്.
എംബാങ്കുമെന്റ് പദ്ധതിക്ക് ഈ വര്‍ഷം 3.24 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ 40 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആര്. രമേശ് കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓർഡിനേറ്റര്‍ ജയിംസ് ശാമുവേല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെബിന് പി. വര്‍ഗീസ്, എന്‍. പത്മാകരന്, സുഷമ സുതന്, കെ.എസ്. ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു.
എ.കെ. ശ്രീനിവാസന് പ്രസിഡന്റും സിദ്ദിഖ് റാവുത്തര്‍ സെക്രട്ടറിയുമായുള്ള ജലനിധി മത്സ്യ കര്‍ഷക ഗ്രൂപ്പാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.